മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറിലുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ശിവസേന

 മുംബൈ: മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശിവസേന. പാര്‍ട്ടി മുഖപത്രം 'സാമ്‌ന'യിലെ എഡിറ്റോറിയലിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയല്‍ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്.


മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യം സാമ്‌ന ഉയര്‍ത്തുന്നത്.


ഒരു ഉര്‍ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന നിര്‍ദേശം മുംബൈ സൗത്ത് വിഭാഗ് പ്രമുഖ് ആയ സക്പാല്‍ മുന്നോട്ടുവെച്ചത്. ഹിന്ദുമതസ്ഥര്‍ക്ക് ആരതി എന്നതു പോലെയാണ് മുസ്ലിംകള്‍ക്ക് ബാങ്കെന്നും മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന താന്‍ സ്ഥിരമായി ബാങ്ക് കേള്‍ക്കാറുണ്ടെന്നും സക്പാല്‍ പറഞ്ഞു.


പാണ്ഡുരംഗ് സക്പാല്‍, ശിവസേന നേതാവ്'ഭഗവത് ഗീത പാരായണ മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. അതുപോലെ കുട്ടികള്‍ക്കായി ബാങ്ക് പാരായണ മത്സരവും നടത്തണമെന്ന് ഞാന്‍ സഹപ്രവര്‍ത്തകനായ ശകീല്‍ അഹ്‌മദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ ചെലവ് ശിവസേന വഹിക്കും. ആരതി പോലെയാണത് എന്നാണെന്റെ അഭിപ്രായം. ബാലാസാഹെബ് (ബാല്‍ താക്കറെ) ഒരു മതത്തിനും എതിരായിരുന്നില്ല. ഉദ്ധവ് താക്കറെയും എല്ലാ മതങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന ആശയക്കാരനാണ്.'അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


പാണ്ഡുരംഗ് സക്പാലിന്റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി പ്രതികരിച്ചത്. സക്പാലിന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ബി.ജെ.പി എം.എല്‍.എ അതുല്‍ ഭട്കല്‍കര്‍ ശിവസേന ഹിന്ദുത്വം കൈവിടുകയാണെന്ന് ആരോപിച്ചു.


അതുല്‍ ഭട്കല്‍കര്‍, ബി.ജെ.പി എം.എല്‍.എ'ശിവസേന ഹിന്ദുത്വം കൈവിട്ടു കഴിഞ്ഞു. വോട്ടിനു വേണ്ടി മുസ്ലിംകളെ പ്രേരിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ബാങ്ക് മത്സരം നടത്തുന്നത്. ഇനിയിപ്പോള്‍ സേനക്ക് ചുമലില്‍ പച്ചക്കൊടി ചുമക്കുകയേ വേണ്ടൂ...'

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി പത്രാധിപയും മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സാമ്‌ന പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. 'ശബ്ദ മലിനീകരണം ഇല്ലാതാക്കുന്നതിനായി പള്ളികൡലെ ലൗഡ്‌സ്പീക്കര്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം' - എഡിറ്റോറിയല്‍ പറയുന്നു.


ബാങ്ക് മത്സര പരാമര്‍ശത്തിന്റെ പേരില്‍ ശിവസേന നേതാവിനെ വിമര്‍ശിക്കുന്ന ബി.ജെ.പി നടപടിയെ പത്രം ചോദ്യം ചെയ്യുന്നു.


'ബാങ്കിനെ പ്രശംസിച്ച ശിവസേന നേതാവിനെ വിമര്‍ശിക്കുന്നത് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പാകിസ്താനി ഭീകരര്‍ എന്നു വിളിക്കുന്നതു പോലെയാണ്. കര്‍ഷകരെ ഭീകരരെന്നു വിളിക്കുന്നവരില്‍ നിന്ന് മറ്റെന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്? ശിവസേന ഹിന്ദുത്വം കൈവിട്ടുവെന്നാണ് ട്രോളുകള്‍ പറയുന്നത്. പക്ഷേ, ബി.ജെ.പി നേതാക്കള്‍ ഈദ് വിഭവങ്ങള്‍ കഴിക്കുന്ന ചിത്രങ്ങള്‍ ധാരാളമുണ്ട് താനും...' സാമ്‌ന പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today