ഈ അംഗീകാരം നിനക്ക്; മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നടരാജന് സമ്മാനിച്ച് പാണ്ഡ്യ

 സിഡ്നി∙ ഓസ്ട്രേലിയയ്‍ക്കെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ലഭിച്ച മാൻ ഓഫ് ദ് സീരീസ് പുരസ്കാരം അരങ്ങേറ്റ പരമ്പര കളിച്ച ടി.നടരാജന് സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ. മൂന്നു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റ് വീഴ്ത്തിയ നടരാജന് മാൻ ഓഫ് ദ് സീരീസ് പുരസ്കാരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും, ലഭിച്ചത് ഹാർദിക് പാണ്ഡ്യയ്ക്കാണ്. ഈ പുരസ്കാരം അർഹിക്കുന്നത് നടരാജനാണെന്ന വാക്കുകളോടെയാണ് പാണ്ഡ്യ തനിക്കു ലഭിച്ച ട്രോഫി കൈമാറിയത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് 6.97 ഇക്കോണമിയിലാണ് നടരാജൻ ആറു വിക്കറ്റ് പിഴുതത്. മൂന്നാം ട്വന്റി20യിൽ നടരാജൻ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കിലും, ക്യാപ്റ്റൻ വിരാട് കോലി റിവ്യൂ നൽകാൻ വൈകിയതോടെ അത് നഷ്ടമായി.നടരാജൻ, ഈ പരമ്പരയിൽ താങ്കളുടെ പ്രകടനം ഉജ്വലമായിരുന്നു. ഇന്ത്യൻ ജഴ്സിയിലുള്ള അരങ്ങേറ്റത്തിൽ തീർത്തും ദുഷ്കരമായ സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത് താങ്കളുടെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. എന്റെ ഭാഗത്തുനിന്ന് നിങ്ങളാണ് മാൻ ഓഫ് ദ് സീരീസ് പുരസ്കാരം അർഹിക്കുന്നത്. ഈ വിജയത്തിൽ ടീം ഇന്ത്യയ്ക്കും അഭിനന്ദനം’ – നടരാജന് പുരസ്കാരം കൈമാറിക്കൊണ്ടുള്ള ചിത്രങ്ങൾ സഹിതം പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു.മൂന്നു മത്സരങ്ങളിൽനിന്ന് 156 സ്ട്രൈക്ക് റേറ്റോടെ 78 റൺസ് നേടിയ പ്രകടനമാണ് ഹാർദിക് പാണ്ഡ്യയ്ക്ക് മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടിക്കൊടുത്തത്. ഇതിൽ രണ്ടാം ട്വന്റി20യിൽ പുറത്താകാതെ 42 റൺസെടുത്ത പാണ്ഡ്യയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സിഡ്നിയിൽ നടന്ന മൂന്നാം ട്വന്റി20യിലും ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് പാണ്ഡ്യ പുറത്തായത്. 13 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 20 റൺസെടുത്ത പാണ്ഡ്യ, അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം വെറും 21 പന്തിൽനിന്ന് 44 റൺസും കൂട്ടിച്ചേർത്തു.പരമ്പര നേട്ടത്തിന് ലഭിച്ച കിരീടം ക്യാപ്റ്റൻ വിരാട് കോലിയും നടരാജന് കൈമാറിയത് ശ്രദ്ധേയമായി. അരങ്ങേറ്റ പരമ്പരയിൽ മികച്ച പ്രകടനവുമായി ടീമിന് വിജയം സമ്മാനിച്ചതിനുള്ള അംഗീകാരമെന്ന നിലയിലാണ് കോലി കിരീടം നടരാജന് കൈമാറിയത്. പരമ്പര വിജയങ്ങൾക്ക് ലഭിക്കുന്ന കിരീടം ആ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചവർക്ക് കൈമാറുന്നത് കോലിയുടെ പതിവാണ്.


Previous Post Next Post
Kasaragod Today
Kasaragod Today