ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാൻ വേണ്ടിയാണ് കർഷക നിയമം കൊണ്ടു വന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ടശേഷമാണ് രാഹുൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചത്.24 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവച്ച നിവേദനം രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കൈമാറി. ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ രീതിയോടുള്ള എതിർപ്പ് രാഷ്ട്രപതിയെ അറിയിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുമെന്നും അടിയന്തരമായി പിൻവലിക്കാൻ രാഷ്‌ട്രപതി ഇടപെടണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.നിയമം പിൻവലിച്ച് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എൻസിപി നേതാവ് ശരദ് പവാർ ആവശ്യപ്പെട്ടു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും കോവിഡ് മൂലമാണ് 5 നേതാക്കൾക്ക് മാത്രം കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
കർഷക നിയമം മോദിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാന്‍: രാഹുല്‍
mynews
0
