ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരേ നില്‍ക്കുന്ന എല്ലാവരെയും രാജ്യത്ത് തീവ്രാവാദിയെന്ന് മുദ്രകുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രി മോദി കോര്‍പറേറ്റുകള്‍ക്കായി പണം സമ്ബാദിക്കുകയാണ്. ആരൊക്കെ അദ്ദേഹത്തിനെതിരേ നില്‍ക്കുന്നുവോ, അവരൊക്ക തീവ്രവാദികളായി മുദ്രകുത്തപ്പെടും. അത് കര്‍ഷകരാവാം, തൊഴിലാളികളാവാം, മോഹന്‍ ഭാഗവത് പോലുമാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാം നാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്ത്യയില്‍ ജനാധിപത്യം ഇല്ല, ഉണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാവനയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി, അധിര്‍ രജ്ഞന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് മാത്രമാണ് രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്കാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. മുന്‍കൂട്ടി അനുവാദം വാങ്ങിയ മൂന്ന് നേതാക്കള്‍ക്കു മാത്രമേ രാഷ്ട്രപതിയെക്കാണാന്‍ അനുവാദം നല്‍കാനാകൂ എന്ന് പോലിസ് പറഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.