മുംബൈ: സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മുകേഷ് പ്രജാപതി എന്നയാളാണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ പൈല്‍സ് ചികിത്സയ്ക്കെത്തിയ 24 കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ശസ്ത്രക്രിയയുടെ തലേദിവസം രാത്രി യുവതിയുടെ മുറിയില്‍ എത്തിയ ജീവനക്കാരന്‍ മരുന്നു നല്‍കുന്നു എന്ന വ്യാജേനയാണ് പീഡനം നടത്തിയത്.
യുവതിയുടെ സ്വകാര്യ ഭാഗത്ത് മരുന്ന് നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തി. യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ജീവനക്കാരന്‍ അറസ്റ്റിലായത്.
മരുന്ന് നല്‍കുക എന്ന വ്യാജേന യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ജീവനക്കാരന്‍ സ്പര്‍ശിച്ചെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് പരാതി. ഐപിസി സെക്ഷന്‍ 354 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.