മുംബൈ∙ പരുക്കുമൂലം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിൽ ഇടംപിടിക്കാതെ പോയ ഓപ്പണർ രോഹിത് ശർമ, ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഇതോടെ, ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റുകളിൽ താരം കളിക്കുമെന്ന് ഉറപ്പായി. ഈ മാസം 17ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാൽ, രോഹിത്തിന്റെ വരവ് ഇന്ത്യൻ ടീമിനും കരുത്തു പകരും.യുഎഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിനിടെയാണ് രോഹിത് ശർമയ്ക്ക് പരുക്കേറ്റത്. അതിനുശേഷവും ഐപിഎൽ ഫൈനലിൽ ഉൾപ്പെടെ കളിച്ച രോഹിത്തിനെ, ഓസീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് സിലക്ടർമാർ തഴഞ്ഞത് വിവാദമായിരുന്നു. പിന്നീട് ടീമിൽ അഴിച്ചുപണി നടത്തി ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തിയെങ്കിലും പരുക്ക് ചതിച്ചതോടെ കളിക്കാനാകില്ലെന്ന് വ്യക്തമായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ പരുക്കു ഭേദമായി രോഹിതിന്റെ തിരിച്ചുവരവ്.ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിലാണ് രോഹിത് ശർമ ഫിറ്റ്നസ് ടെസ്റ്റ് പാസായത്. ഇതോടെ, ഈ മാസം 14ന് തന്നെ രോഹിത് ഓസ്ട്രേലിയയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. അവിടെ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം മാത്രമേ കളത്തിലിറങ്ങാനാകൂ. ഈ സാഹചര്യത്തിൽ ജനുവരി ഏഴിന് സിഡ്നിയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മുതൽ രോഹിത്തിന് കളിക്കാം.
രോഹിത് ശർമ ഫിറ്റ്നസ് കടമ്പ കടന്നു; അവസാന രണ്ട് ടെസ്റ്റിൽ കളിക്കും
mynews
0
