സൗദി പ്രഖ്യാപിച്ച അപ്രതീക്ഷിത യാത്രാവിലക്കില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി .

 ദുബയ്: സൗദി അറേബ്യ പ്രഖ്യാപിച്ച അപ്രതീക്ഷിത യാത്രാവിലക്കില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ കുടുങ്ങി . അടുത്ത ദിവസങ്ങളിലായി സൗദിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ പേരുടെ യാത്ര അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ രാജ്യന്തര അതിര്‍ത്തികള്‍ അടച്ചത്. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനം ഒരാഴ്ചത്തേക്കാണ് വിലക്കിയത്.


എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തു.


സൗദി നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി 14 ദിവസം ഹോട്ടലില്‍ താമസിച്ചവരാണ് പൊടുന്നനെ പ്രതിസന്ധിയിലായത്.ഇവരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നറിയാത ട്രാവല്‍ ഏജന്‍സി അധികൃതരും കുഴങ്ങുകയാണ്. സൗദിയില്‍ സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ദുബയ് സന്ദര്‍ശിക്കാനെത്തിയവരും എന്നു മടങ്ങാനാകുമെന്ന് ഉറപ്പില്ലാതെ അനിശ്ചിതത്വത്തിലാണ്. യാത്ര പുറപ്പെടുന്നതിനു മുമ്ബ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് മറികടക്കുന്നതിനാണ് ട്രാവല്‍ ഏജന്‍സികളുടെ പാക്കേജിലെത്തിയ നൂറുകണക്കിനു മലയാളികള്‍ ദുബയിലെ ഹോട്ടലുകളില്‍ കഴിയുന്നത്.


പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യു.കെയില്‍നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചു. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today