ബദിയഡുക്ക: അലമാരയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്‌തു. ഗോളിയഡുക്കയിലെ ഗള്‍ഫുകാരനായ ഹാരിസിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍കാണാതായത്. ഇതുസംബന്ധിച്ചു ഹാരിസിന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് അന്വേഷണമാരംഭിച്ചു.ഈ മാസം 20ന് ഹാരിസും കുടുംബവും വീടുപൂട്ടി പുത്തൂരിലുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. അലമാരയുടെ താക്കോല്‍ അലമാരക്കു മുകളിലാണ് പതിവായി സൂക്ഷിക്കാറുള്ളത്. പുത്തൂരില്‍ പോയി അന്നു തന്നെ ഹാരിസും കുടുംബവും തിരിച്ചെത്തിയിരുന്നു. പിറ്റേന്ന് മറ്റ് ആവശ്യത്തിന് അലമാര തുറക്കാന്‍ നോക്കി യെങ്കിലും താക്കോല്‍ പതിവായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നു കാണാതാവുകയായിരുന്നു. പിന്നീടു പത്തു ദിവസത്തോളം അലമാരയുടെ താക്കോല്‍ പലേടത്തും അന്വേഷിച്ചു. എവിടെയും കണ്ടെത്താതിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ വിദഗ്‌ദ്ധതൊഴിലാളികളെ കൊണ്ടുവന്നു അലമാരയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ വിവരമറിഞ്ഞത്.വീടിന്റെയോ അലമാരയുടെയോ പൂട്ടുപൊളിച്ചിരുന്നില്ല. എന്നാല്‍ വീട്ടിനുള്ളിലെ അലമാരക്കു മുകളില്‍ വച്ചിരുന്ന താക്കോല്‍ കാണാതാവുകയും അതുപയോഗിച്ച് അലമാര തുറന്നു സ്വര്‍ണ്ണാഭരണം മാത്രം മോഷ്‌ടിക്കുകയും ചെയ്‌തതു പൊലീസിനെയും അത്ഭുതപ്പെടുത്തുന്നു. എന്തായാലും വീടിനെക്കുറിച്ചും അലമാരയുടെ താക്കോല്‍ വയ്‌ക്കുന്ന സ്ഥലവും അലമാരയില്‍ സ്വര്‍ണ്ണാഭരണമുള്ളതും അറിയാവുന്നവരായിരിക്കും മോഷണത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു.
അലമാരയുടെ താക്കോലും അതിനകത്തുണ്ടായിരുന്ന 40 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി: പോലീസ് അന്വേഷണം ആരംഭിച്ചു
mynews
0