ചിറ്റാരിക്കാൽ: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടില്‍ കടുമേനി സ്വദേശി അറസ്റ്റിൽ. കടുമേനി സർക്കാരിയിലെ ബാബുവിനെയാണ് ചിറ്റാരിക്കാൽ പോലീസും സൈബർ സെല്ലും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
ഓൺലൈൻ വഴി അശ്ലീലചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി ഏഴുപേരുടെ മൊബൈൽ ഫോണുകളും പിടികൂടി. കാസർകോട്, മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, ബേഡകം എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് യുവാക്കളുടെ മൊബൈലാണ് പിടികൂടിയത്. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കയക്കാൻ സൈബർസെല്ലിന് കൈമാറിയെന്നും പരിശോധനയുടെ ഫലമനുസരിച്ച് ഇവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ പോലീസിന്റെ നീരീക്ഷണത്തിലുണ്ടെന്നും ഇത്തരക്കാരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.