ഡല്‍ഹി: യുകെയിലും ഓസ്ട്രേലിയയിലും ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ അതിതീവ്ര വകഭേദം ഇന്ത്യയിലെത്തിയതായി സംശയം. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദമാണോയെന്ന് അറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചതായാണ് വിവരം.
അതേസമയം വൈറസിന്റെ പുതിയ വകഭേദം പടരുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. പുതിയ വകഭേദം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.
യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പലര്‍ക്കും കൊവിഡ‍് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലി,കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ യാത്രക്കാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ലാബുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണത്തിന് നിലവിലെ സംഭവ വികാസങ്ങള്‍ തിരിച്ചടിയല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.