ബ്ലേഡുടമ സുനിൽ കടവത്ത് മുടക്കിയ പണം പത്തുകോടിയോളം, പലിശ വ്യാപാരത്തിൽ മാസവരുമാനം 70ലക്ഷം രൂപ

 കാഞ്ഞങ്ങാട്: മടിക്കൈ പാർട്ടി ഗ്രാമത്തിൽ വൻ ബ്ലേഡുടമ സുനിൽ കടവത്ത് 46, പലിശ വ്യാപാരത്തിൽ മുടക്കിയ പണം പത്തുകോടി.  സുനിൽമുടക്കിയ ഏറ്റവും ചുരുങ്ങിയ പലിശപ്പണമാണിതെന്ന് പോലീസ് പിടിച്ചെടുത്ത ഭൂമിയുടെ രേഖകൾ സമ്മതിക്കുന്നു. സുനിൽ കടവത്ത് അയ്യായിരവും പത്തായിരവും ബ്ലേഡിന് നൽകുന്ന ആളല്ല. മറിച്ച് പത്തുലക്ഷത്തിന് മുകളിലുള്ള പണം ബ്ലേഡിന് നൽകി വൻ പലിശ വാങ്ങുന്ന അഗ്രഗണ്യനായ പലിശ വ്യാപാരിയാണ്.


നീലേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ കെ. പി. സതീഷ് കഴിഞ്ഞ ദിവസം മടിക്കൈ കണ്ടംകുട്ടിച്ചാലിലുള്ള സുനിൽ കടവത്തിന്റെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് വിവിധ ദിക്കുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂമിയുടെ 56 ആധാരങ്ങളാണ്. വീട്ടിലെ ഇരുമ്പ് അലമാരയിൽ ഭദ്രമായി സൂക്ഷിച്ച നിലയിലാണ് ഇത്രയും ആധാരങ്ങൾ കണ്ടെത്തിയത്. സുനിൽ ബ്ലേഡ് വ്യാപാരം തുടങ്ങിയിട്ട് പത്തു വർഷക്കാലമായി. മുമ്പ് ഗൾഫിലായിരുന്നു.


പത്തു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള പണം പലിശയ്ക്ക് നൽകിവരുന്ന സുനിൽകടവത്തിന്റെ പ്രതിമാസ പലിശ വരുമാനം പത്തു ലക്ഷം രൂപയ്ക്ക് 70,000 രൂപയാണ്.  ഇടപാടുകാർ എല്ലാ മാസവും ഈ പലിശപ്പണം കൃത്യമായി സുനിലിന് നേരിട്ടെത്തിക്കണമെന്നതാണ് പലിശ വ്യാപാര വ്യവസ്ഥ. വാങ്ങിയ പണവും അത്ര തന്നെ പലിശയും നൽകിയാലും, മുതൽ എക്കാലവും ബാക്കി നിലനിർത്തി ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്ന ഈ നാൽപ്പത്തിയാറുകാരൻ പോയ പത്തു വർഷം കൊണ്ട് കോടികളുടെ സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്.


മടിക്കൈ നൂഞ്ഞിക്കടുത്ത് കണ്ടംകുട്ടിച്ചാലിലുള്ള സുനിൽ കടവത്തിന്റെ വീടും മറ്റും അത്ര വലിയതൊന്നുമല്ലെങ്കിലും, പലിശപ്പണം ഈ യുവാവ് ഭൂമിയിൽ മുടക്കിയിട്ടുണ്ട്. പിതാവ് കണ്ടംകുട്ടിച്ചാലിലെ കണ്ണൻ മരിച്ചുപോയി. മാതൃഗൃഹം തൈക്കടപ്പുറം കടിഞ്ഞിമൂലയിലാണ്.  മാതാവും സഹോദരിയും കടിഞ്ഞിമൂലയിൽ താമസിച്ചുവരുന്നുണ്ടെങ്കിലും, സുനിലിന് പെറ്റ വയറുമായും, കൂടപ്പിറപ്പുമായും കാലങ്ങളായി യാതൊരു ബന്ധവുമില്ല.


ഭാര്യാഗൃഹം തൃക്കരിപ്പൂരിലാണ്. കടവത്ത് എന്നത് കടിഞ്ഞിമൂല വീട്ടുപേരാണ്. കണ്ടംകുട്ടിച്ചാലിൽ സുനിൽ ഇപ്പോൾ താമസിച്ചു വരുന്ന വീട് വിലയ്ക്ക് വാങ്ങിയതാണ്. ബങ്കളം ആലിങ്കീഴിലാണ് നേരത്തെ താമസിച്ചിരുന്നത്. പിന്നീട് മടിക്കൈ കണ്ടംകുട്ടിച്ചാലിൽ സ്വന്തമായി വീടുവാങ്ങി. ആലിങ്കീഴിലുള്ള വീട് ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ബ്ലേഡിന് പണം നൽകിയ ഇടപാടുകാരെ ഭീഷണിപ്പെടുത്തിയ പരാതിയിൽ സുനിൽ കടവത്തിന്റെ പേരിൽ ഒരു കേസ്സ് ഹൊസ്ദുർഗ്ഗ് കോടതിയിൽ വിചാരണ കാത്തു കഴിയുന്നുണ്ട്.


കോട്ടപ്പുറം സ്വദേശിനി സമീറ സുനിലിൽ നിന്ന് പലിശയ്ക്ക് വാങ്ങിയത് 7 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 7000 രൂപ വീതം പലിശ നൽകിയിരുന്നു. സമീറ മൊത്തം 20 ലക്ഷം രൂപ സുനിലിന് നൽകിയിട്ടും, വീണ്ടും 13 ലക്ഷം രൂപ കൂടി കിട്ടണമെന്ന് സുനിൽ ഭീഷണിപ്പെടുത്തിയപ്പോഴാണ് സ്ത്രീ പരാതിയുമായി പോലീസിലെത്തിയത്. നീലേശ്വരം സബ് ഇൻസ്പെക്ടറും, പാർട്ടിയും സുനിലിന്റെ മടിക്കൈ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോൾ, സുനിൽ വീട്ടിലുണ്ടായിരുന്നില്ല.


Previous Post Next Post
Kasaragod Today
Kasaragod Today

Artic