പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതി തൂങ്ങി മരിച്ചു

 കൊല്ലം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പ്രതി കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു. അഞ്ചല്‍ സ്വദേശി രാജേഷ് (32) ആണ് ജീവനൊടുക്കിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.


കഴിഞ്ഞ 16നാണ് മദ്യലഹരിയിലായിരുന്ന രാജേഷ് പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അഞ്ചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇന്നലെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ കൊട്ടാരക്കര സബ് ജയിലിന്റെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ് മെന്റ് സെന്ററായ കൊല്ംല നായേഴ്സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.ജയില്‍ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്ന ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് നിരീക്ഷണ കേന്ദ്രത്തിലെ ടോയ് ലറ്റില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും ടോയ്ലറ്റില്‍ നിന്ന് രാജേഷ് പുറത്തിറങ്ങാതിരുന്നതോടെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് വെന്റിലേഷനില്‍ കുരുക്കിട്ട് തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടെത്തിയത്. കെട്ടഴിച്ച്‌ ഉടന്‍ നായേഴ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.


ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. അതേസമയം, ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന സൂചനയുണ്ട്. പുനലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today