കള്ളവോട്ട് നടന്നെങ്കിൽ വോട്ടിങ് നിർത്താമായിരുന്നു, ശ്രീകുമാർ പരാതി നൽകിയില്ലെന്നും കാസർകോട് കളക്ടർ

 കാസർകോട്: ഉദുമ എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു. പ്രിസൈഡിങ് ഓഫീസറായ കെ.എം.ശ്രീകുമാർ കള്ളവോട്ട് സംബന്ധിച്ച് പരാതി നൽകിയിട്ടില്ല. കള്ളവോട്ട് നടന്നെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് വോട്ടിംഗ് നിർത്തി വയ്ക്കാമായിരുന്നു. രേഖകൾ പരിശോധിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസർക്കല്ല ഒന്നാം പോളിംഗ് ഓഫീസർക്കാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കേരള കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ കെഎം ശ്രീകുമാറാണ് രംഗത്ത് വന്നത്. ഇദ്ദേഹത്തിന്റെ പരാതി ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്നും അതിന് ശേഷം അനന്തര നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ കുഞ്ഞിരാമൻ എംഎൽഎ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.


കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് സിപിഎം എംഎൽഎയുടെ ഭീഷണിയെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഉച്ചമുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇത് നടന്നത്. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും  പ്രിസൈഡിംഗ് ഓഫീസറായ ശ്രീകുമാർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ അനുഭവം പങ്കുവച്ചത്. കാസർകോട് ബേക്കൽ കോട്ടക്കുടത്ത് ആലക്കോട് ആയിരുന്നു ബൂത്ത്.


Previous Post Next Post
Kasaragod Today
Kasaragod Today