യാംഗോണ്‍: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയും പ്രസിഡന്റ് യുവിന്‍ മിന്റും തടങ്കലില്‍. നവംബര്‍ എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെയാണ് സൂചി അടക്കമുള്ളവരെ സൈന്യം തടങ്കലിലാക്കിയത്.
തലസ്ഥാന നഗരമായ യാങ്കൂണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യം മൊബൈല്‍ സേവനവും നിര്‍ത്തിവച്ചു. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വക്താവ് അറിയിച്ചു. ഔദ്യോഗിക ടിവി, റേഡിയോ സംപ്രേഷണങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ 83 ശതമാനം വോട്ട് നേടിയ സൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വീണ്ടും അധികാരത്തില്‍ എത്തിയിരുന്നു.
എന്നാല്‍, ഫലം അംഗീകരിക്കാന്‍ സൈന്യം തയാറായില്ല. തെരഞ്ഞെടുപ്പില്‍ വ്യാപക അട്ടിമറി നടന്നുവെന്ന് സൈന്യം ആരോപിച്ചു. അതിനാല്‍, പാര്‍ലമെന്റ് വിളിച്ചു കൂട്ടരുതെന്നും സൈന്യം ആവശ്യപ്പെട്ടു.
2011 ല്‍ മ്യാന്‍മാര്‍ സൈനിക ഭരണത്തില്‍ നിന്ന് മോചിതമായത്. അതിനു ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സൂചിയുടെ പാര്‍ട്ടി ആദ്യമായി അധികാരത്തിയത്.
മ്യാന്‍മറിന്റെ സ്വാതന്ത്ര്യ നായകന്‍ ജനറല്‍ ഓങ് സാന്റെ മകളാണ് 75 കാരിയായ ഓങ് സാന്‍ സൂചി. 1948 ല്‍ മ്യാന്‍മര്‍ ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. അതിനു മുമ്ബ് സൂചിയുടെ പിതാവ് കൊല്ലപ്പെട്ടു. അന്ന് സൂചിക്ക് രണ്ട് വയസായിരുന്നു. 1989 മുതല്‍ 2010 വരെ 15 വര്‍ഷം സൂചി തടങ്കലിലായിരുന്നു.
1991 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി.