ന്യൂയോർക്ക് : ആർഎസ്എസ് ഒരു ഭീകര സംഘടനയാണ്, അതിനെ നിരോധിക്കാൻ വേണ്ടത് ചെയ്യണം എന്ന ആവശ്യവുമായി പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ. ചൊവ്വാഴ്ച, യുഎന്നിന്റെ സുരക്ഷാ സമിതിക്കു മുന്നിലാണ് പാകിസ്ഥാന്റെ പ്രതിനിധി മുനീർ അക്രം ഇങ്ങനെ ഒരു ആവശ്യം അറിയിച്ചത്. ആവശ്യം ഉന്നയിച്ചതോടൊപ്പം, ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകളെ എങ്ങനെ തുടച്ചു നീക്കം എന്നത് സംബന്ധിച്ച വിശദമായ ഒരു ആക്ഷൻ പ്ലാൻ കൂടി പാക് അംബാസഡർ സെക്യൂരിറ്റി കൗൺസിലിന് മുന്നിൽ സമർപ്പിക്കുകയുണ്ടായി. ആർഎസ്എസ് പോലുള്ള തീവ്രദേശീയതാവാദ സംഘടനകൾ അന്താരാഷ്ട്രതലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു വെല്ലുവിളിയാണ് എന്നും മുനീർ അക്രം പറഞ്ഞു.അൽ ക്വയ്‌ദയും ഐസിസും പോലുള്ള ലോകത്തിലെ മറ്റു പല തീവ്രവാദ സംഘടനകളെയും നിരോധിച്ചിട്ടുള്ള കീഴ്വഴക്കം പിന്തുടർന്ന് UNSC ആർഎസ്എസിനെയും ഉടനടി നിരോധിക്കണം എന്നാണ് പാക് അംബാസഡർ ഐക്യരാഷ്ട്ര സഭയുടെ പതിനഞ്ചംഗ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ ഭരണപക്ഷമായ ബിജെപി പിന്തുടരുന്ന 'ഹിന്ദുത്വ പ്രത്യയശാസ്ത്രം' ഇന്ത്യയിലെ മുസ്ലിംകൾക്ക് ഭീഷണിയാണ് എന്നുള്ള പാകിസ്ഥാന്റെ ആശങ്കകളും മുനീർ അക്രം സുരക്ഷാ സമിതിക്കുമുന്നിൽ വെച്ചു എന്ന് പാക് പത്രമായ ഡോണിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഐക്യ രാഷ്ട്ര സഭയുടെ 1267 സാൻക്ഷൻസ് കമ്മിറ്റിയുടെ പരിധിക്കുള്ളിൽ ആർഎസ്എസിനെയും കൊണ്ടുവരണം എന്നാണ് പാക് അംബാസഡർ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ ഒരു സംഘടനയ്‌ക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർത്തുന്നത് ഇതാദ്യമായല്ല. ഇതിനു മുമ്പ്, പലവട്ടം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബിജെപിയുടെ വംശീയനയങ്ങൾ ശ്രദ്ധിക്കണം എന്ന് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ ആശയങ്ങൾ നാസികളിൽ നിന്ന് പ്രേരിതമാണ് എന്നൊരു ആക്ഷേപവും ഇമ്രാൻ ഖാൻ ഇതിനു മുമ്പ് ഉന്നയിച്ചിട്ടുണ്ട്.