മയക്കുമരുന്ന്‌ മാഫിയക്കെതിരെ നടപടി കര്‍ശനമാക്കി വിദ്യാനഗര്‍ പൊലീസ്‌; കൂട്ടംകൂടി നിന്നവരെ ലാത്തിവീശി ഓടിച്ചു

 കാസര്‍കോട്‌: കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്ന്‌ മാഫിയക്കെതിരെ പൊലീസ്‌ നടപടി കര്‍ശനമാക്കി.

വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ വി വി മനോജിന്റെ നേതൃത്വത്തിലാണ്‌ ഇന്നലെ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ വ്യാപക പരിശോധന നടത്തിയത്‌. പെരുമ്പള പാലത്തിനടുത്ത്‌ സംഘടിച്ചു നിന്ന മയക്കുമരുന്ന്‌ മാഫിയ എന്ന്‌ സംശയിക്കുന്ന സംഘത്തെ പൊലീസ്‌ ലാത്തിവീശി ഓടിച്ചു. ഇവിടം കേന്ദ്രീകരിച്ച്‌ മദ്യ-കഞ്ചാവ്‌ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ നേരത്തെ തന്നെ പൊലീസിന്‌ പരാതി ലഭിച്ചിരുന്നു. സ്റ്റേഷന്‍ പരിധിയിലെ മറ്റ്‌ കേന്ദ്രങ്ങളിലും പരിശോധന നടത്തിയെങ്കിലും ലഹരി ഉല്‍പ്പന്നങ്ങളൊന്നും പിടികൂടാന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

വന്‍തോതിലാണ്‌ ലഹരി ഉല്‍പ്പന്നങ്ങള്‍ ജില്ലയില്‍ എത്തുന്നത്‌. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട്‌ എത്തിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാന്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ സൂചന.

കാസര്‍കോട്‌ പൊലീസും ഇന്നലെ ചില കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ രണ്ടംഗ മഡ്‌ക്ക സംഘമാണ്‌ പിടിയിലായത്‌. പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ മഡ്‌ക്ക കളിക്കുകയായിരുന്ന കൂഡ്‌ലുവിലെ ജയരാജ്‌ (38) പരവനടുക്കത്തെ സുനില്‍ (48) എന്നിവരെയാണ്‌ 545 രൂപയുമായി അറസ്റ്റ്‌ ചെയ്‌തത്‌.


أحدث أقدم
Kasaragod Today
Kasaragod Today