ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു

 ദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതോടെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച്‌ യുഎഇ, ബഹ്‌റൈന്‍, സൗദി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെയാണിത്.

വ്യോമാതിര്‍ത്തി തുറന്നതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഈജിപ്ത് വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്.



ഖത്തറുമായുള്ള എല്ലാ ഗതാഗതവും സൗദി ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സും സൗദിയയും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനസര്‍വീസുകള്‍ തുടങ്ങിക്കഴിഞ്ഞു.


റിയാദിലേക്കും ദമാമിലേക്കും എല്ലാദിവസവും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തും. ജിദ്ദയിലേക്ക് ആഴ്ചയില്‍ ഏഴ് തവണയും സര്‍വീസ് ഉണ്ടാകും.


സൗദിയില്‍ നിന്ന് ഖത്തറിലേക്കുള്ള സര്‍വീസുകള്‍ സൗദിയ എയര്‍ലൈന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ചയില്‍ ഏഴ് സര്‍വിസുകളായിരിക്കും ഉണ്ടാകുക. റിയാദില്‍ നിന്ന് ആഴ്ചയില്‍ നാല് വിമാനങ്ങളും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും. ഉപരോധം അവസാനിപ്പിച്ചതിന് ശേഷം ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള ആദ്യവിമാനം തിങ്കളാഴ്ച റിയാദില്‍ എത്തിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today