കണ്ണൂര് കിട്ടിയില്ലെങ്കിൽ കാസർകോട് സീറ്റ് വേണമെന്ന്,സുരക്ഷിത മണ്ഡലം തേടി കെ എം ഷാജി

    • കോഴിക്കോട്: നിയമ പ്രശ്ങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന കെ എം ഷാജി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിക്കോട് നിന്ന് മത്സരിക്കില്ല. ഷാജിയുടെ ഈ നിര്‍ദ്ദേശം മുസ്ലിം ലീഗ് നേതൃത്വവും അംഗീകരിച്ചു കഴിഞ്ഞു. സിപിഎ മ്മില്‍നിന്നു പിടിച്ചെടുത്ത് 2 തവണ വിജയിച്ച അഴീക്കോട് സീറ്റില്‍ ഷാജിക്ക് വെല്ലുവിളി ഏറെയാണ്. ഈ സാഹചര്യത്തിലാണ് സീറ്റ് മാറ്റം.

അഴീക്കോട്, കണ്ണൂര്‍ സീറ്റുകള്‍ വച്ചുമാറണമെന്ന നിര്‍ദ്ദേശം അനൗദ്യോഗികമായി ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചു.

കണ്ണൂര്‍ ലഭിച്ചാല്‍ ഷാജി മത്സരിക്കും. വച്ചുമാറ്റമില്ലെങ്കില്‍ ഷാജി കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചേക്കും. കണ്ണൂരില്‍ കോണ്‍ഗ്രസിലെ പല പ്രമുഖരും കണ്ണു വച്ചിട്ടുണ്ട്. അതുകൊണ്ട് ഈ സീറ്റ് കോണ്‍ഗ്രസ് വിട്ടു കൊടുക്കുമോ എന്ന സംശയമുണ്ട്. അതുകൊണ്ട് കോഴിക്കോടും കാസര്‍ഗോഡും ഷാജിക്ക് വേണ്ടി സീറ്റുകള്‍ ലീഗ് പരിഗണിക്കുന്നു.

ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസര്‍കോട്ട് ലീഗ് മത്സരിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. 2006 ല്‍ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011 ല്‍ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ല്‍ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയര്‍ത്തി. കടുത്ത പോരാട്ടത്തിലൂടെയാണു 2 തവണയും മണ്ഡലം പിടിച്ചതെന്നും ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കേ ഇനി ഇവിടെ വിജയിക്കാനാകൂവെന്നുമാണു ലീഗ് വാദം.

2014 ലും 19 ലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ കെ.സുധാകരന്‍ ലീഡ് നേടിയിരുന്നു. സുധാകരനെ പോലുള്ള സ്ഥാനാര്‍ത്ഥിക്ക് അഴിക്കോട് നല്ല സാധ്യതയുണ്ടെന്നാണ് ലീഗ് വിലയിരുത്തല്‍. ന്യൂനപക്ഷ വിഭാഗത്തിനു കൂടുതല്‍ സ്വാധീനമുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ ലീഗ് മത്സരിക്കുകയും കോണ്‍ഗ്രസ് അഴീക്കോട്ട് മത്സരിക്കുകയും ചെയ്താല്‍ ഇരു മണ്ഡലങ്ങളും നിഷ്പ്രയാസം ജയിക്കാമെന്നാണു ലീഗ് പറയുന്നത്. ഇടതു പക്ഷത്തെ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിലെ സിറ്റിങ് എംഎല്‍എ.

കോഴിക്കോട് ജില്ലയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന പ്രധാന സീറ്റുകളില്‍ ഒന്നാണ് മലയോര മേഖലയായ തിരുവമ്ബാടി മണ്ഡലം. എല്ലാ സാമുദായിക സംഘടനകളും സജീവമാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഇടകലര്‍ന്ന് പ്രവര്‍ത്തിക്കുന്ന മണ്ഡലമായ തിരുവമ്ബാടി ഇടതുമുന്നണിയില്‍ നിന്ന് സിപിഐ.എമ്മും ഐക്യമുന്നണിയില്‍ നിന്ന് മുസ്ലിം ലീഗുമാണ് നിയസഭയിലേക്ക് മത്സരിക്കാറുള്ളത്. ഈ സീറ്റും ഷാജിക്കായി പരിഗണിക്കുന്നുണ്ട്.

കേരള കോണ്‍ഗ്രസ്സ് ഐക്യമുന്നണി വിട്ടുപോയതുകൊണ്ടും നേരത്തെ തന്നെ ലീഗിന് അധിക സീറ്റ് എന്ന ആവശ്യം സജീവമായി പരിഗണിക്കുന്നതിനാലും കൈവശമുള്ള തിരുവമ്ബാടിക്ക് മേല്‍ കോണ്‍ഗ്രസ്സ് താല്പര്യം പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല ലീഗിന് ശക്തമായ സ്വാധീനമുള്ള വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചിടത്തും മത്സരിക്കുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. ഏറനാടും തിരുവമ്ബാടിയും മാത്രമാണ് ലീഗ് മത്സരിക്കുന്നത് .

തിരുവമ്ബാടിയില്‍ മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥി വരികയാണെകില്‍ ആദ്യ പരിഗണന കെ.എം ഷാജിക്ക് ആണ് . അദ്ദേഹത്തിന്റെ മതേതര പ്രതിച്ഛായ തിരുവമ്ബാടിയില്‍ ഗുണം ചെയ്യും. കണ്ണൂരില്‍ കോണ്‍ഗ്രസ് വിട്ടൂവീഴ്ച ചെയ്യില്ലെന്ന കണക്കു കൂട്ടലിലാണ് ഇത്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വീണ്ടും മത്സരിക്കാനിടയുള്ള കണ്ണൂര്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. 2016 ല്‍ നിന്നു വ്യത്യസ്തമായി പാച്ചേനിക്കുള്ള സ്വീകാര്യതയും കോര്‍പറേഷനില്‍ യുഡിഎഫ് നേടിയ വിജയവും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

മാറ്റം സാധ്യമായില്ലെങ്കില്‍ അഴീക്കോട്ട് ലീഗിന്റെ പുതിയ സ്ഥാനാര്‍ത്ഥി വരും. എങ്കില്‍ ഉറച്ച മണ്ഡലമായ കാസര്‍കോട്ടേക്കാകും ഷാജി നിയോഗിക്കപ്പെടുക. ഷാജിയുടെ താല്‍പര്യം ലീഗ് നേതൃത്വം ആരാഞ്ഞിട്ടുണ്ട്. എങ്കില്‍ ഇവിടെ 2 തവണ വിജയിച്ച എന്‍.എ. നെല്ലിക്കുന്ന് വിട്ടുനില്‍ക്കുകയോ, മഞ്ചേശ്വരത്തേക്കു മാറുകയോ ചെയ്യാം. ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയുടെ പേരും കാസര്‍കോട്ട് ഉയര്‍ന്നിരുന്നു.

സാമ്ബത്തിക വഞ്ചനാക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്കു വീണ്ടും സീറ്റ് ലഭിക്കാനിടയില്ല. ഇവിടെ നെല്ലിക്കുന്നിനെ പരിഗണിക്കുന്നില്ലെങ്കില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫിനാണു സാധ്യത.
أحدث أقدم
Kasaragod Today
Kasaragod Today