ദോഹ: ഷാർജയിൽനിന്ന് നേരിട്ട് ദോഹയിലേക്കുള്ള വിമാന സർവിസ് ജനുവരി 18 മുതൽ പുനരാരംഭിക്കുന്നു. മൂന്നര വർഷത്തെ ഖത്തർ ഉപരോധത്തിന് ശേഷം യു.എയിൽ നിന്നുള്ള ആദ്യവിമാനമാണിത്. തങ്ങളുടെ G 9134 വിമാനം ജനുവരി 18ന് ഷാർജയിൽനിന്ന് ദോഹയിലേക്ക് പറക്കുമെന്ന് എയർ അറേബ്യ വെബ്സൈറ്റിലൂടെ അറിയിച്ചു. യു.എ.ഇ സമയം വൈകീട്ട് 4.10ന് പുറപ്പെട്ട് ഖത്തർ സമയം വൈകീട്ട് 4.10ന് ദോഹയിൽ എത്തും. തിരിച്ചുള്ള വിമാനം ദോഹയിൽനിന്ന് വൈകീട്ട് 5.10ന് പുറപ്പെട്ട് ഷാർജയിൽ വൈകീട്ട് 7.10ന് ഇറങ്ങും.
യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതൽ തുറന്നിരുന്നു. ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതിനെ തുടർന്നാണിത്. യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള വിമാനസർവിസ് ആദ്യമായി പ്രഖ്യാപിച്ചത് എയർ അറേബ്യ ആണ്.
ഈജിപ്്ത് എയർ 18 മുതൽ ഖത്തറിലേക്കുള്ള സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സും 18 മുതൽ ഈജിപ്തിലേക്കുള്ള സർവിസുകൾ തുടങ്ങും.
സൗദിയിൽനിന്ന് ഖത്തറിലേക്കും തിരിച്ചും സൗദിയയും ഖത്തർ എയർവേയ്സും കഴിഞ്ഞ ദിവസം തന്നെ സർവിസുകൾ തുടങ്ങിക്കഴിഞ്ഞു. ബഹ്റൈനും തങ്ങളുടെ വ്യോമാതിർത്തി ഖത്തറിനായി തുറന്നിട്ടുണ്ട്.