അയോധ്യയില്‍ പള്ളി പണിയാന്‍ യുപി സർക്കാർ നല്‍കിയത് സ്വകാര്യ വ്യെക്തിയുടെ സ്​ഥലമെന്ന്, അവകാശവാദമുന്നയിച്ച്‌​ സഹോദരിമാര്‍ കോടതിയില്‍

 ലഖ്​നോ: അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച്‌ സഹോദരിമാര്‍ അലഹബാദ്​ ഹൈകോടതിയെ സമീപിച്ചു. ഡല്‍ഹി സ്വദേശികളായ റാണി കപൂര്‍ എന്ന റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവരാണ്​ ഹരജി നല്‍കിയത്​. അലഹബാദ് ഹൈകോടതിയുടെ ലഖ്​നോ ബെഞ്ച് ഈമാസം എട്ടിന്​ ഹരജി പരിഗണിക്കും.


തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്നാണ്​ ഇവര്‍ അവകാശപ്പെടുന്നത്​. വിഭജനകാലത്ത് പഞ്ചാബില്‍നിന്നു വന്ന പിതാവ് ഫൈസാബാദില്‍ (ഇപ്പോള്‍ അയോധ്യ) താമസമാക്കുകയായിരുന്നു.


ധനിപൂര്‍ വില്ലേജില്‍ അഞ്ചു വര്‍ഷത്തേക്ക് 28 ഏക്കര്‍ അദ്ദേഹത്തിനു പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്‍റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടു​ണ്ടെന്നും ഹരജിയില്‍ പറയുന്നു.


പിന്നീട്​ രേഖകളില്‍ നിന്ന്​ പേര്​ ഇല്ലാതായി. പക്ഷേ, പിതാവ്​ അയോധ്യയിലെ അഡീഷനല്‍ കമ്മീഷണര്‍ക്ക്​ അപ്പീല്‍ നല്‍കി പേര്​ പുനഃസ്​ഥാപിച്ചു. പിന്നീട്​ ഏകീകരണ പ്രക്രിയകള്‍ നടന്നപ്പോള്‍ കണ്‍സോളിഡേഷന്‍ ഓഫിസര്‍ വീണ്ടും പിതാവിന്‍റെ പേര്​ രേഖകളില്‍ നിന്ന്​ മാറ്റി. ഇതിനെതിരെ കണ്‍സോളിഡേഷന്‍ സംബന്ധിച്ച ​സെറ്റില്‍മെന്‍റ്​ ഓഫിസര്‍ മുമ്ബാകെ അപ്പീല്‍ നല്‍കിയിട്ടുണ്ട്​. ഇത്​ പരിഗണിക്കാതെയാണ്​ തങ്ങളുടെ പിതാവിന്‍റെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച്​ ഏക്കര്‍ പള്ളി നിര്‍മിക്കാനായി വഖഫ്​ ബോര്‍ഡിന്​ അനുവദിച്ചത്​.


സെറ്റില്‍മെന്‍റ്​ ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാകുന്നതുവരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത്.


أحدث أقدم
Kasaragod Today
Kasaragod Today