കാസര്‍കോട്: കാസര്‍കോട്ടുകാര്‍ക്ക് ഇനി ആശ്വസിക്കാം, ഉപ്പുവെള്ളം കുടിക്കാതെ ജീവിക്കാമെന്ന കാര്യത്തില്‍. വര്‍ഷങ്ങളായി ഇവിടത്തുകാരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നമായിരുന്നു ഉപ്പുകലര്‍ന്ന കുടിവെള്ളം.
അതിനാണ് ഞായറാഴ്ചയോടെ പരിഹാരമായത്. നിര്‍മാണം പൂര്‍ത്തിയായ ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ബാവിക്കര റെഗുലേറ്റര്‍ ഞായറാഴ്ച മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചതോടെ നീണ്ടകാലത്തെ ജനങ്ങളുടെ ആവശ്യവും ആഗ്രഹവുമാണ് യാഥാര്‍ഥ്യമായത്.
പയസ്വിനി പുഴയിലെ ബാവിക്കരയില്‍ നിര്‍മിച്ച 120.4 മീറ്റര്‍ നീളവും നാല് മീറ്റര്‍ ഉയരവുമുള്ള റെഗുലേറ്ററില്‍ 250 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. 35 കോടി രൂപ ചെലവഴിച്ച് 27 മാസംകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.വേനലില്‍ ഉപ്പുവെള്ളം ലഭിക്കുന്ന കാസര്‍കോട് നഗരസഭ, മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ ദുരിതത്തിന് ഇതോടെ പരിഹാരമാകും. പദ്ധതിയുടെ ഗുണം ഏറെ ലഭിക്കുക കാസര്‍കോട് നിയമസഭ മണ്ഡല പരിധിയിലുള്ളവര്‍ക്കാണ്.
പയസ്വിനി-കരിച്ചേരി പുഴകളുടെ സംഗമസ്ഥാനമായ ആലൂര് മുനമ്ബത്ത് ചെറുകിട ജലസേചന വകുപ്പ് 27.75 കോടി രൂപ ചെലവഴിച്ചാണ് തടയണ നിര്‍മിച്ചത്. 2.70 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള നാല് സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിച്ചു. നേരേത്ത നിര്‍മാണം നടന്നയിടത്ത് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പോളിമര്‍ (എഫ്.ആര്.പി) ഷട്ടറുകള്‍ സ്ഥാപിച്ചു. തടയണയുടെ ഇരുഭാഗത്തും 100 മീറ്ററിലധികം കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയും സ്ഥാപിച്ചു.
തടയണയില്‍ മൂന്നുമീറ്റര്‍ ഉയരത്തില്‍ വെള്ളം സംഭരിക്കാനാകും. . കൃഷ്ണന്‍കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായി. കെ. കുഞ്ഞിരാമന് എ.എല്‍.എ ശിലാഫലകം അനാവരണം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം സമീമ അന്‍സാരി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ടി.പി. നാസര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി. രാജന്, സുരേഷ് പുതിയേടത്ത്, ഹരീഷ് ബി. നമ്ബ്യാര്‍, എ. ഗോപിനാഥന് നായര്‍, ഇ. കുഞ്ഞിക്കണ്ണന്, മുനീര്‍ മുനമ്ബം എന്നിവര്‍ സംസാരിച്ചു. ചെറുകിട ജലസേചനം കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.കെ. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ് സ്വാഗതവും ചെറുകിട ജലസേചനം കാസര്‍കോട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ടി. സഞ്ജീവ് നന്ദിയും പറഞ്ഞു.