ജനകീയസമരം വിജയിച്ചു ചെര്‍ക്കള- കല്ലടുക്ക റോഡ്‌ പണി പുനരാരംഭിച്ചു

 നെല്ലിക്കട്ട: അറ്റകുറ്റപ്പണി പോലുമില്ലാതെ 13 വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞു കിടന്ന ചെര്‍ക്കള -കല്ലടുക്ക റോഡ്‌ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രത്യക്ഷ സമരത്തെത്തുടര്‍ന്നു ഗതാഗതയോഗ്യമാക്കുന്നതിനു തുടക്കംകുറിച്ചു.

റോഡ്‌ ഗതാഗതയോഗ്യമാക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നെങ്കിലും പണം നല്‍കാത്തതിനാല്‍ കരാറുകാരന്‍ രണ്ടുവര്‍ഷമായി പണിനിറുത്തിവക്കുകയായിരുന്നു. ഗതാഗത ക്ലേശം ദുസ്സഹമായതോടെ നാട്ടുകാര്‍ പന്തല്‍ കെട്ടി 23 ദിവസമായി സത്യാഗ്രഹവും പി ഡബ്ല്യു ഡി ഓഫീസ്‌ ധര്‍ണ്ണയും വാഹനം തടയലും തുടരുകയായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ മറ്റിതര സംഘടനകളുടെയോ പങ്കാളിത്തമില്ലാതെയാണ്‌ ജനകീയ കൂട്ടായ്‌മ സമരമാരംഭിച്ചത്‌. ജനകീയ സമരത്തിന്റെ വിജയത്തില്‍ മധുരപലഹാരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും പാട്ടുപാടിയും ആഹ്ലാദ പ്രകടനം നടത്തിയും നാട്ടുകാര്‍ ആഹ്ലാദിച്ചു. ഗുണമേന്മയോടെ പണിപൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനിയും കൂടുതല്‍ ശക്തമായി സമരരംഗത്തിറങ്ങാന്‍ മടിക്കില്ലെന്നു സമരസമിതി മുന്നറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today