കോഴിക്കോട്: മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവച്ചു. കത് വ, ഉന്നാവോ ഫണ്ട് വിവാദത്തിനു പുറമെ ഡല്‍ഹി കേന്ദ്രീകരിച്ച് പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിവച്ചതെന്നാണു റിപോര്‍ട്ട്. ലീഗ് നേതൃത്വം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അയച്ചതായും റിപോര്‍ട്ടുകളുണ്ട്.
നേരത്തേ, കത് വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ മുസ് ലിം യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ വകമാറ്റിയതായി മുന്‍ ദേശീയ സമിതിയംഗം യൂസുഫ് പടനിലം ആരോപിച്ചതോടെ വന്‍ വിവാദത്തിനു കാരണമായിരുന്നു.
മാത്രമല്ല, യൂസുഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പോലിസ് ഐപിസി 420 പ്രകാരം വഞ്ചനാകുറ്റത്തിനു കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ഫണ്ട് വിവാദമാണോ രാജിക്കു പിന്നിലെന്ന് വ്യക്തമായിട്ടില്ല.