ചെമ്ബരിക്ക ഖാസിയുടെ മരണത്തിന് 11 വയസ്; നീതി വൈകുന്നതിനെതിരെ പേരമകന്‍ സലിം ദേളി

 നാടിനെ നടുക്കിയ ചെമ്പരിക്ക ഖാസി കൊലപാതകം നടന്നിട്ട് 11 വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഖാസിയുടെ പേരമകന്‍ സലിം ദേളി. സമസ്തയുടെ വൈസ് പ്രസിഡന്‍റിനെ കൊല ചെയ്തിട്ടും ആ ഓർമ്മ ദിവസം പോലും ഒന്നുറക്കെ പറയാൻ കഴിയാത്ത, സ്മരിക്കാൻ പറ്റാത്ത കുറെ പേർ ഇവിടെയുണ്ടെന്ന് സലിം ഫേസ്ബുക്കില്‍ കുറിച്ചു.


സലിമിന്‍റെ കുറിപ്പ് വായിക്കാം


വല്ലിപ്പ, (ചെമ്പരിക്ക ഖാസി സമസ്ത വൈസ് പ്രസിഡന്‍റ്) സി.എം ഉസ്താദിനെ കൊന്ന് കടലിലെറിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് ആണ്ടുകൾ പൂർത്തിയായി. രക്തക്കറ പുരണ്ട കരങ്ങൾ സമുദായ മധ്യത്തിൽ ഇന്നും വിഹരിക്കുന്നുണ്ട്. പ്രിയതമന്‍റെ കാപാലികരെ കണ്ടെത്തുമെന്ന് കരുതി നാഥനിലേക്ക് സദാസമയം കയ്യുർത്തിയിരുന്ന പത്നി വിട പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.


നീതി വൈകുന്നതിനെ ചോദ്യം ചെയ്യാൻ പോലും ശേഷിയില്ലാത്ത കുറെ പേരുടെ മധ്യത്തിൽ ജീവിക്കാൻ തുടങ്ങിട്ട് പതിനൊന്നു വർഷം തികയുകയാണ്. സമുദായ സംഘടനകളുടെയും സാമുദായിക രാഷ്ട്രീയത്തിന്‍റെയും ജീർണിച്ച മുഖം ഈ കാലയളവിൽ നിരന്തരം അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. സമസ്തയുടെ വൈസ് പ്രസിഡന്‍റിനെ കൊല ചെയ്തിട്ടും ആ ഓർമ്മ ദിവസം പോലും ഒന്നുറക്കെ പറയാൻ കഴിയാത്ത, സ്മരിക്കാൻ പറ്റാത്ത കുറെ പേർ ഇവിടെയുണ്ട്. കൊലയെ മറവിക്ക് വിട്ടുകൊടുക്കുന്ന കൂട്ടർ ആരെയാണ് തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത്.


സ്വത്വ രാഷ്ട്രീയ വാഹകരായ നിരവധി സുഹൃത്തുക്കൾ എഫ്ബിയിലുണ്ട്. അവരാരാരും ഈ കൊലപാതകത്തെ കുറിച്ച് വ്യാകുലപ്പെടുന്നത് കണ്ടിട്ടില്ല. സമുദായത്തിന്‍റെ ഐക്യവും ദീനിന്‍റെ കെട്ടുറപ്പും അറുത്ത് മാറ്റുന്ന വികല മനസ്സുകളെ തിരിച്ചറിയാൻ വൈകുന്നത് എന്തുകൊണ്ടാണ്. ഖാസി കേസ്, സമുദായ അംഗങ്ങളായ ഓരോരുത്തർക്കും ബാധ്യത പോലെയാണ്.


നമുക്ക് ആണ്ടുകൾ കഴിക്കാം, ഹദിയകൾ ചെയ്യാം, സ്മരിക്കാം, ദുആ ചെയ്യാം. അതുമാത്രമാണോ നമ്മുടെ ഉത്തരവാദിത്തം?ഇന്‍ഷാ അല്ലാഹ്, ആ സമയം വിദൂരത്തല്ല. അവസാന നിമിഷം വരെ കോടതിക്കകത്തും തെരുവിലും സമുദായത്തെ കാർന്ന് തിന്നുന്ന കാപാലിക്കൂട്ടങ്ങൾക്കെതിരെ പോരാടും. പിന്തുണ തേടുന്നു, ഒന്നിക്കാൻ ആവശ്യപ്പെടുന്നു, ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today