'ഓപ്പണിംഗ്‌ ബാറ്റ്സ്‌മാനായി മോദി വന്നാലും നമ്മള്‍ കാണേണ്ടി വരും, അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിന് സ്വന്തം പേരു നല്‍കിയിരുന്നു' പരിഹാസവുമായി ടി സിദ്ദിഖ്

 അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് നരേന്ദ്ര മോദിയെന്ന് തെളിയിക്കുന്നതാണ് പേരുമാറ്റമെന്നാണ് സിദ്ദിഖിന്റെ വിമര്‍ശനം. അധികാരത്തിലിരിക്കെ തന്റെ പേര് സ്റ്റേഡിയത്തിന് നല്‍കി ആത്മരതിയില്‍ ആറാടുന്നത്‌ കാണുമ്ബോള്‍ സഹതാപം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിലിരിക്കെ ഏകാധിപതിയായ ഹിറ്റ്ല‌റും സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് മൊട്ടേര സ്റ്റേഡിയത്തിന്റെ പേരു മാറ്റത്തെ സിദ്ദിഖ് വിമര്‍ശിക്കുന്നത്.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പിങ്ക്‌ ബോള്‍ ടെസ്റ്റ്‌ ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റല്‍. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നല്‍കിയതിനെ കാണാന്‍ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നല്‍കി ആത്മരതിയില്‍ ആറാടുന്നത്‌ കാണുമ്ബോള്‍ സഹതാപം മാത്രം.


അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നല്‍കിയിരുന്നു എന്നോര്‍ക്കണം. തെക്കുകിഴക്കന്‍ ജര്‍മനിയിലെ ബാഡന്‍-വുര്‍ടംബര്‍ഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കപ്പെട്ടത്. നിര്‍മിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ കാംപ്ഫ്പാന്‍ എന്ന പേര് നല്‍കുകയായിരുന്നു. കാംപ്ഫ്പാന്‍ എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കളിസ്ഥലമെന്നാണ്.


ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇന്ത്യക്ക്‌ വേണ്ടി ഓപണിംഗ്‌ ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മള്‍ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാര്‍സ്സിസ്റ്റ്‌ ആണല്ലോ നമ്മെ ഭരിക്കുന്നത്‌..!! #MoteraStadium #modi #indiancricketteam #cricketlovers #narcissist


Previous Post Next Post
Kasaragod Today
Kasaragod Today