കഴക്കൂട്ടം: കാണാതായ യു.എ.ഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. പളനിയിൽ പോയതായിരുന്നുവെന്നാണ് ജയഘോഷ് പറയുന്നത്.
മൊബൈൽ സ്വിച്ച് ഓഫായതിനെതുടർന്ന് വൈകുന്നേരം ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. വൈകീട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്കൂട്ടർ നേമം പൊലീസിന് ലഭിച്ചു.
സ്കൂട്ടറിനുള്ളിൽനിന്ന് ജയഘോഷ് എഴുതിയെന്ന് കരുതുന്ന കത്തും പൊലീസിന് ലഭിച്ചിരുന്നു. തെൻറ മാനസികനില വളരെ സംഘർഷത്തിലാണെന്നും ഒന്നു റിലാക്സ് ആകാനായി മാറിനിൽക്കുന്നെന്നുമാണ് കത്തിലുള്ളതെന്നാണ് സൂചന. കത്തിനെക്കുറിച്ച് കൂടുതൽ വിവരം പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.
സ്വർണക്കടത്ത് അന്വേഷണം നടക്കവെ കഴിഞ്ഞ ജൂലൈ 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് കൈത്തണ്ട അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ജയഘോഷിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.