ഉയ്​ഗൂർ മുസ്​ലിംകളെ അടിമപ്പണിയെടുപ്പിക്കുന്നു; ചൈനീസ്​ വിതരണക്കാരെ ഒഴിവാക്കി ആപ്പിൾ

 ചൈനയിലെ ഉയ്​ഗൂർ മുസ്​ലിംകളെ അടിമപ്പണിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ തങ്ങളുടെ പ്രധാനപ്പെട്ട വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച്​ അമേരിക്കൻ ടെക്​ ഭീമൻ ആപ്പിൾ. ഐഫോൺ 12 ക്യാമറ മൊഡ്യൂൾ വിതരണ ശൃംഖലയിൽ നിന്ന് ഒഫിലിം (OFilm) ഗ്രൂപ്പ്​ എന്ന കമ്പനിയെയാണ്​ പുറത്താക്കിയതെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബ്ലൂംബർഗ്​ ക്വിന്‍റാണ്​ പുതിയ റിപ്പോർട്ട്​ പുറത്തുവിട്ടിരിക്കുന്നത്​.


ചൈനയിലെ സിന്‍ജിയാങ്​ പ്രവിശ്യയില്‍നിന്ന്​ ഏറെ ദൂരെയുള്ള നാടുകളിലെ വിവിധ കമ്പനികളിലേക്ക്​ ഉയ്​ഗൂർ മുസ്​ലിംകളെ നിര്‍ബന്ധിത തൊഴിലിനായി അയക്കുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്​ സമീപകാലത്താണ്​ പുറത്തുവന്നത്​​. ചൈനീസ് സ്​മാർട്ട്​ഫോൺ ഘടക വിതരണക്കാരായ ഒഫിലിം ഗ്രൂപ്പ് ഉയ്​ഗൂർ ന്യൂനപക്ഷങ്ങളെ സിൻജിയാങ്ങിൽ നിന്ന് രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലേക്കും ജോലിക്കായി മാറ്റുന്ന സർക്കാർ പരിപാടിയുമായി സഹകരിക്കുകയും അവരെ അടിമപ്പണിയെടുപ്പിക്കുകയും ചെയ്​തു എന്ന്​ കാട്ടി ആപ്പിൾ അവരുമായുള്ള സഹകരണം വിച്ഛേദിക്കുകയായിരുന്നു.തങ്ങളുടെ വിതരണക്കാരിലൊരാൾ ഉയ്ഗുർ മുസ്​ലിങ്ങളെ അടിമപ്പണിക്കായി പ്രൊഡക്ഷൻ ലൈനുകളിൽ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച്​ കഴിഞ്ഞ വർഷം ജൂലൈയിൽ ആപ്പിൾ രംഗ​െത്തത്തിയിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ ആപ്പിളിന്‍റെ മനംമാറ്റമാണ്​ സൂചിപ്പിക്കുന്നത്​. മാസങ്ങൾക്ക്​ മുമ്പ്​ തന്നെ ആപ്പിൾ ചൈനീസ്​ സപ്ലെയറുമായുള്ള കരാറുകൾ അവസാനിപ്പിച്ചതായി പേര്​ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ ബ്ലൂംബർഗിനോട്​ പറഞ്ഞു.തൊഴിലാളികളുടെ അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആപ്പിൾ ചൈന കേന്ദ്രീകരിച്ചുള്ള തങ്ങളുടെ വിതരണ ശൃംഖലകളോട്​ മുമ്പ്​ കടുത്ത സമീപനങ്ങൾ സ്വീകരിച്ചിരുന്നു. 2020ൽ തൊഴിലാളികളോടുള്ള മോശമായ സമീപനം ചൂണ്ടിക്കാട്ടി ഐഫോൺ-അസംബ്ലർ പെഗട്രോൺ കോർപ്പറേഷനെ ആപ്പിൾ സസ്പെൻഡ് ചെയ്യുകയുണ്ടായി. സിൻജിയാങ്ങിലെ ഉയ്​ഗൂർ വിഭാഗക്കാരോടുള്ള ചൈനയുടെ ക്രൂര നടപടികളിൽ അമേരിക്ക പല സമയത്തായി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വംശഹത്യയെന്നാണ്​ അതിനെ യു.എസ്​ വിശേഷിപ്പിക്കുന്നത്​. ഈ സാഹചര്യത്തിൽ ഒഫിലിമിനെതിരെ നിലനിൽക്കുന്ന ഗുരുതര ആരോപണങ്ങൾ ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നത്​​ വ്യക്​തമല്ല.


പ്രദേശത്ത്​ ഏറെക്കാലമായി നിലനിൽക്കുന്ന പട്ടിണിമാറ്റാനെന്ന പേരിൽ തൊഴിൽ മേളകൾ നടത്തിയാണ്​ ആയിരക്കണക്കിന്​ ഉയ്​ഗൂറുകളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ ചൈന നാടുകടത്തുന്നത്​. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 82 മുന്‍നിര കമ്പനികളുടെ ​ഫാക്​ടറികളിലേക്ക്​ വ്യാപകമായി അവരെ എത്തിക്കുന്നതായാണ്​ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ജോലിയോടൊപ്പം സൗകര്യങ്ങൾ ഒട്ടുമില്ലാത്ത ഇടുങ്ങിയ താമസ സ്​ഥലങ്ങളോടു ചേര്‍ന്ന്​ ചൈനീസ്​ ഭാഷ പഠിപ്പിച്ചും ആദര്‍ശ ക്ലാസുകളെടുത്തും അവരെ ചൈനീസ്​ സർക്കാർ 'പരിശീലിപ്പിക്കുന്നതായും' റിപ്പോർട്ടിൽ പറയുന്നുണ്ട്​. 2017മുതല്‍ 10 ലക്ഷത്തിലേറെ ഉയ്​ഗൂറുകളെ പുനര്‍വിദ്യാഭ്യാസ ​ക്യാമ്പുകളെന്ന പേരില്‍ സിന്‍ജിയാങ്ങിന്‍റെ പല ഭാഗങ്ങളില്‍ തുടങ്ങിയ തടവറകളിൽ പാർപ്പിച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today