വീണ്ടും ദുരഭിമാനക്കൊല; ഭർത്താവിന്‍റെ വീട്ടിൽനിന്ന്​ ദലിത്​ കാമുകനൊപ്പം ഒളിച്ചോടിയെ യുവതിയെ പിതാവ്​ കൊലപ്പെടുത്തി

 ജയ്​പുർ: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ ദൗസ ജില്ലയിലാണ്​ സംഭവം. ഫെബ്രുവരി 16ന് വീട്ടുകാരുടെ നിർബന്ധപ്രകാരം പിങ്കി സൈനിയെന്ന 19കാരിയുടെ വിവാഹം നടന്നിരുന്നു. അഞ്ച്​ ദിവസത്തിനുശേഷം കാമുകൻ റോഷൻ മഹാവറിനൊപ്പം (23) പിങ്കി ഓടിരക്ഷപ്പെട്ടു. ഇതിൽ കുപിതനായ പിതാവ്​ ശങ്കർ ലാൽ മകളെ പിടിച്ചുകൊണ്ടുവന്ന്​ കഴുത്ത്​ ഞെരിച്ച്​ കൊല്ലുകയായിരുന്നു.


പച്ചക്കറി കച്ചവടക്കാരനായ ഇദ്ദേഹം ദൗസയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിങ്കിയെ കഴുത്ത് ഞെരിച്ച് കൊന്നതായി കുറ്റസമ്മതവും നടത്തി.


ഒളിച്ചോടിയ ശേഷം​ പിങ്കിയും റോഷനും ഫെബ്രുവരി 26ന്​ രാജസ്ഥാൻ ഹൈകോടതിയിലെ ജയ്​പുർ ബെഞ്ചിന് മുന്നിൽ സംരക്ഷണം തേടി ഹാജരായിരുന്നു. തന്‍റെ ആഗ്രഹത്തിന്​ വിരുദ്ധമായാണ് വീട്ടുകാർ വിവാഹം കഴിപ്പിച്ചതെന്നും കാമുകനോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിങ്കി കോടതിയിൽ പറഞ്ഞു.ഇവർക്ക് സംരക്ഷണം നൽകണമെന്നും അവരുടെ ആഗ്രഹപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്നും ഹൈകോടതി പൊലീസിന് നിർദേശം നൽകി. എന്നാൽ, മാർച്ച് ഒന്നിന്​ ജയ്​പുരിലെ റോഷന്‍റെ വീട്ടിൽനിന്ന് പിങ്കിയുടെ കുടുംബം അവളെ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.


തുടർന്ന്​ റോഷന്‍റെ പിതാവിന്‍റെ പരാതിയിൽ ദൗസയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ 11 പേർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരിന്നു. പിങ്കിയെ കൊണ്ടുപോകു​േമ്പാൾ ശങ്കർ ലാലും ബന്ധുക്കളും തങ്ങളെ അപമാനിക്കുകയും വീട് തകർക്കുകയും 1.20 ലക്ഷം രൂപ മോഷ്​ടിക്കുകയും ചെയ്തുവെന്നും മഹാവാറിന്‍റെ കുടുംബം പരാതിപ്പെട്ടു.


വീട്ടിലെത്തിച്ച ശേഷം പിങ്കിയുടെ മനസ്സ്​ മാറ്റാൻ ശ്രമിച്ചെങ്കിലും ഭർത്താവിന്‍റെ അടുത്തേക്ക് മടങ്ങാൻ അവൾ തയാറായില്ല. ഇതോടെ ക്ഷുഭിതനായ പിതാവ്​ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.


പിങ്കിക്കും കാമുകനും പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും, അവളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) ഞെട്ടൽ രേഖപ്പെടുത്തി. മഹാവറിനും കുടുംബാംഗങ്ങൾക്കും സുരക്ഷ ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി പി.യു.സി.എൽ സംസ്ഥാന പ്രസിഡന്‍റ്​ കവിത ശ്രീവാസ്തവ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today