ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ നദിയിൽ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്.
കിഴക്കന്‍ കാലിമന്തന്‍ പ്രവിശ്യയിലാണ് ദിമാസ് മുൽക്കൻ സപുത്രയും കുടുംബവും താമസിക്കുന്നത്. ദിമാസും സഹോദരനും കൂടി വീടിനടുത്തുള്ള നദിയില്‍ നീന്തിക്കളിക്കുകയായിരുന്നു. ഇതുകണ്ടുകൊണ്ട് ഇവരുടെ പിതാവ് വീടിന് പുറത്തുണ്ടായിരുന്നു. പെട്ടെന്ന് മുതലയുടെ ആക്രമണമുണ്ടാവുകയും ദിമാസിനെ വിഴുങ്ങുകയുമായിരുന്നു. ഇത് കണ്ട പിതാവ് ഓടിയെത്തിയെങ്കിലും അതിന് മുന്‍പ് മുതല രക്ഷപ്പെട്ടു. മുതലയെ പിന്തുടര്‍ന്ന് മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വ്യാഴാഴ്ച മുതലയെ പിടികൂടുകയായിരുന്നു. 19 അടിയോളം നീളമുള്ള മുതലയുടെ വയറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മുതലശല്യം പതിവാണ് ഈ നദിയിലെന്നും കുളിക്കാനും കുടിക്കാനുമെല്ലാം നദിയില്‍ നിന്നാണ് വെള്ളമെടുക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.