'ജിയോ ഫോണിന്​ പിന്നാലെ ജിയോബുക്കുമായി റിലയൻസ്​; വൻ​ വിലക്കുറവിൽ ലാപ്​ടോപ്​ വിപണിയിലെത്തിക്കുമെന്ന്​ അവകാശവാദം

 ഏറ്റവും കുറഞ്ഞ വിലയിൽ ജിയോഫോൺ എന്ന പേരിൽ 4ജി ഫോൺ ലോഞ്ച്​ ചെയ്​ത്​ നേട്ടമുണ്ടാക്കിയ റിലയൻസ്​ ജിയോ അടുത്തതായി ലക്ഷ്യമിടുന്നത് രാജ്യത്തെ​ ലാപ്​ടോപ്​ വിപണിയെ. എക്​സ്​.ഡി.എ ഡെവലപ്പേഴ്​സ്​ പുറത്തുവിട്ട പുതിയ റിപ്പോർട്ട്​ പ്രകാരം ജിയോ, നിലവിൽ 4ജി കണക്​ടിവിറ്റി പിന്തുണയുള്ള ലോ-കോസ്റ്റ്​ ലാപ്​ടോപ്പിന്‍റെ പണിപ്പുരയിലാണ്​. 'ജിയോബുക്​' എന്ന പേരിൽ രാജ്യത്ത്​ ലോഞ്ച്​ ചെയ്യാൻ ഉദ്ദേശിക്കുന്ന ബജറ്റ്​ ലാപ്​ടോപ്പുകൾ മൈക്രോസോഫ്​റ്റിന്‍റെ വിൻഡോസിന്​ പകരം ഗൂഗ്​ളിന്‍റെ ആൻഡ്രോയ്​ഡ്​ ഓപറേറ്റിങ്​ സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക.


2018 -ൽ പ്രമുഖ അമേരിക്കൻ ചിപ്​സെറ്റ്​ നിർമാതാക്കളായ ക്വാൽകോമിലെ പ്രൊഡക്ട് മാനേജ്‌മെന്‍റ്​ സീനിയർ ഡയറക്ടർ മിഗ്വൽ നൂൺസ് ജിയോ ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട്​ റിലയൻസുമായി ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട്​ അതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. എന്നാൽ, കഴിഞ്ഞ സെപ്​തംബറിൽ തന്നെ ജിയോ അവരുടെ ബജറ്റ്​ ലാപ്​ടോപ്പായ ജിയോബുക്കിന്‍റെ പണിയാരംഭിച്ചതായി എക്​സ്​.ഡി.എ ഇപ്പോൾ റിപ്പോർട്ട്​ ചെയ്യുന്നു. ഈ വർഷം മെയ്​ പകുതിയോടെ റിലയൻസ്​ ലാപ്​ടോപ്പിന്‍റെ അസംബ്ലിങ്​ ആരംഭിക്കും. വർഷാവസാനം രാജ്യത്ത്​ ലോഞ്ച്​ ചെയ്യാനും കമ്പനി കോപ്പുകൂട്ടുന്നുണ്ട്​. ലാപ്ടോപ്പ് വികസിപ്പിക്കുന്നതിന്, ബ്ലൂബാങ്ക് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്ന ചൈനീസ് എഞ്ചിനീയറിങ്​ സ്ഥാപനവുമായാണ്​ ജിയോ ചേർന്ന്​ പ്രവർത്തിക്കുന്നത്​​. കുറഞ്ഞ ചെലവിലുള്ള ഘടകങ്ങൾ ഉപയോഗിച്ച് ജിയോബുക്കിന്‍റെ പ്രകടനം ചൈനീസ്​ കമ്പനി പരീക്ഷിച്ചു വരികയാണ്​. പ്രത്യേകിച്ച് സാംസങ്, ക്വാൽകോം എന്നിവയിൽ നിന്നും ഇറക്കുമതി ചെയ്​ത ഘടകങ്ങളാണ്​ ഉപയോഗിക്കുന്നത്​.ക്വാൽകോമിന്‍റെ സ്​നാപ്​ഡ്രാഗൺ 665 എന്ന ലോ ബജറ്റ്​ പ്രൊസസറായിരിക്കും ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ജിയോ ബുക്കിന്​ കരുത്തുപകരുക. ARM- ൽ വിൻഡോസ് 10 നെ പിന്തുണയ്‌ക്കാത്ത പ്രോസസറുകളിൽ ഒന്നാണ് സ്‌നാപ്ഡ്രാഗൺ 665. ഉൽപാദനച്ചെലവ് കുറയ്ക്കാൻ കൂടിയാണ്​ റിലയൻസ് ഈ പ്രോസസ്സർ ഉപയോഗിക്കുന്നത്​. 15000 രൂപയ്​ക്ക്​ താഴെയുള്ള ചില ചൈനീസ്​ ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ച പ്രൊസസറാണ്​ സ്‌നാപ്ഡ്രാഗൺ 665.


ഗൂഗിളിന്‍റെ മൊബൈൽ ഒഎസിനെ അവരുടെ ലാപ്‌ടോപ്പിലേക്ക് സമന്വയിപ്പിച്ച്​ അതിന്​ മുകളിൽ ഒരു സ്​കിൻ ഇഴക്കിച്ചേർത്ത്​ JioOS എന്ന്​ വിളിക്കാനാണ്​ റിലയൻസ്​ ഉദ്ദേശിക്കുന്നതെന്ന്​ എക്​സ്​.ഡി.എ സൈറ്റിൽ പറയുന്നുണ്ട്​. ചില ജിയോബുക്ക്​ മോഡലുകൾ ബ്ലൂബാങ്ക്​ കമ്യൂണിക്കേഷൻ ടെക്​നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്​. 2GB LPDDR4X റാമും 32GB eMMC സ്​റ്റോറേജുമുള്ള ഒരു മോഡലും 4GB LPDDR4X റാമും 64GB eMMC 5.1 സ്​റ്റോറേജുമുള്ള മറ്റൊരു മോഡലുമാണവ.വിഡിയോ ഒൗട്ട്​പുട്ടിനായി മിനി എച്ച്​.ഡി.എം.ഐ കണക്​ടറും 2.4GHz ഉം 5GHz ഫ്രീക്വൻസികളിലുള്ള ബ്ലൂടൂത്ത്​ വൈ-ഫൈ സപ്പോർട്ടും ക്വ​ാൽകോം ഓഡിയോ ചിപ്​സെറ്റ്​, ത്രീ-ആക്​സിസ്​ ആക്​സിലറോ മീറ്റർ എന്നിവയും ജിയോ ബുക്കിന്‍റെ പ്രത്യേകതളായിരിക്കും. ഗൂഗ്​ളിന്‍റെ ഒ.എസിൽ പ്രവർത്തിക്കുന്ന ലാപ്​ടോപ്പാണെങ്കിലും ഗൂഗ്​ൾ ആപ്പുകൾ ജിയോബുക്കിൽ പ്രീ-ഇൻസ്റ്റാളായി വരില്ല. കാരണം, ഗൂഗ്​ളിന്‍റെ ആപ്പ്​ സ്യൂട്ട്​ പ്രീ-ഇൻസ്റ്റാളായി ചേർക്കണമെങ്കിൽ ഗൂഗ്​ൾ ​മൊബൈൽ സർവീസ്​ ഡിസ്​ട്രിബ്യൂട്ട്​ ചെയ്യുന്നതിനായുള്ള ലൈസൻസ്​ വേണ്ടതുണ്ട്​. പരമാവധി ചിലവ്​ കുറക്കാൻ ശ്രമിക്കുന്ന ജിയോ അതിന്​ ശ്രമിക്കാൻ സാധ്യതയുമില്ല. പകരം ചില ജിയോ ആപ്പുകൾ ജിയോബുക്കിൽ പ്രീ-ഇൻസ്റ്റാൾ ചെയ്​തേക്കും. ഒപ്പം മൈക്രോസോഫ്​റ്റിന്‍റെ എഡ്​ജ്​ ബ്രൗസറും ടീംസും ഓഫീസും ഉണ്ടാവും.


ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും ജിയോ ബുക്ക്​ വിൽക്കുക. രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ജനങ്ങളെയാണ്​ റിലയൻസ്​ ലക്ഷ്യമിടുന്നത്​. ഇന്ത്യയിലെ കമ്പനിയുടെ ഡിജിറ്റൽ സേവനങ്ങൾ വ്യാപിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ്​ ജിയോബുക്ക്​ എത്തുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today