കാസർകോട്ട് നിന്നും തട്ടിക്കൊണ്ടുപോയ മാണിക്കോത്ത് സ്വദേശിയെ, ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരിവിലെത്തി മോചിപ്പിച്ചു

 കാസർകോട് : കാസർകോട്ട് നിന്നും തട്ടിക്കൊണ്ടുപോയ മാണിക്കോത്ത് സ്വദേശിയെ കാസർകോട് ഡിവൈഎസ്പി, പി. പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരിവിലെത്തി മോചിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് പോലീസ് യുവാവിനെ കണ്ടെത്തിയത്.


അജാനൂർ മാണിക്കോത്ത് സ്വദേശിയായ വാഹന ബ്രോക്കർ ഷൗക്കത്തലിെയയാണ് മാർച്ച് 2-ന് രാവിലെ 6 മണിക്ക് കാസർകോട് പുതിയ ബസ്്സ്റ്റാന്റിൽ  നിന്നും ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. മഡിയൻ റോഡ് ഷംന മൻസിലിൽ കെ. അബ്ദുൾ ലത്തീഫിന്റെ കാറിൽ മംഗളൂരു പമ്പ് വെല്ലിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവതിയോടൊപ്പമാണ് ഷൗക്കത്തലി കാസർകോട്ടെത്തിയത്. കാറിൽ അബ്ദുൾ ലത്തീഫും ഉണ്ടായിരുന്നു.


2-ന് പുലർച്ചെ കാറിലെത്തിയ ഏഴംഗ സംഘം ലത്തീഫിനെ ബലമായി പിടിച്ചു മാറ്റി അദ്ദേഹത്തിന്റെ കാറിൽ യുതിയെയും ഷൗക്കത്തലിയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിന് ചുക്കാൻ പിടിച്ചത് ഷൗക്കത്തലിക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് യുവതിയാണെന്ന് വ്യക്തമായിട്ടുണ്ട്.


സംഭവം നടന്നതിന് പരിസരത്തുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പോലീസിന് വ്യക്തമായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഷൗക്കത്തലി ബംഗളൂരുവിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ബംഗളൂരു പോലീസിന്റെ സഹായത്തോടെയാണ് കാസർകോട് പോലീസ് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുത്തത്.


സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച മാണിക്കോത്തെ അബ്ദുൾ ലത്തീഫിന്റെ കാറും പോലീസ് തമിഴ്നാട് യുവതിയുടെ ബംഗളൂവിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഷൗക്കത്തലി ബംഗളൂരു കേന്ദ്രീകരിച്ച് നിരവധി പേരെ ഓൺലൈൻ മാർക്കറ്റിംഗ്, മണി ചെയിൻ തട്ടിപ്പുകൾക്കിരയാക്കിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.


യുവാവിനെ തട്ടിക്കൊണ്ടുപോയത് തട്ടിപ്പിനിരയായവരാണെന്ന് സംശയമുണ്ട്. ബംഗളൂരു, മംഗളൂരു പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ   ഷൗക്കത്തലിക്കെതിരെ കർണ്ണാടകയിൽ നിരവധി കേസ്സുകളുണ്ട്. തമിഴ്നാട് യുവതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ഷൗക്കത്തലിയെ കർണ്ണാടക പോലീസിന് കൈമാറി. കർണ്ണാടകയിൽ രജിസ്റ്റർ ചെയ്ത കേസ്സുകളുടെ തുടരന്വേഷണത്തിനാണ് ഇദ്ദേഹത്തെ കർണ്ണാടക പോലീസിന് കൈമാറിയത്. സാമ്പത്തിക തട്ടിപ്പുകളുടെ പേരിലാണ് ഷൗക്കത്തലിക്കെതിരെ കർണ്ണാടക പോലീസ് കേസ്സെടുത്തത്.


Previous Post Next Post
Kasaragod Today
Kasaragod Today