ലഖ്നോ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് മുസ്ലിം ബാലന് ക്രൂരമർദനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ ശ്രിങ്കി നന്ദൻ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പേര് ചോദിക്കുന്നതും തുടർന്ന് ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ കാണാം. ബിഹാറിലെ ബഗൽപുർ സ്വദേശിക്കാണ് മർദനമേറ്റത്.പ്രതി ആദ്യം കുട്ടിയുടെ പേരും പിന്നീട് പിതാവിന്‍റെ പേരും ചോദിച്ചു. തുടർന്ന് ക്ഷേത്രത്തിൽ കയറിയത് എന്തിനാണെന്നായിരുന്നു പ്രതിയുടെ ചോദ്യം. വെള്ളം കുടിക്കാൻ പോയതാണെന്ന മറുപടി ലഭിച്ചതോടെ ബാലനെ ക്രൂരമായി മർദ്ദിക്കുന്നതും വിഡിയോയിലുണ്ട്.
വിഡിയോയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.