ബെംഗളൂരു∙ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന ബെംഗളൂരുവിൽ ഓക്സിജൻ ക്ഷാമവും അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ബിബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) പരിധിയിൽ 16 പേരിൽ കോവിഡ് വൈറസിന്റെ ഇരട്ട വ്യതിയാന വകഭേദം (ബി.1.617) കൂടി സ്ഥിരീകരിച്ചതിനു പുറമേ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതിജാഗ്രതയിലാണ് നഗരം.
ബെംഗളൂരൂ പോലെയുള്ള മെട്രോ നഗരത്തിൽ ഓക്സിജൻ സൗകര്യത്തോടു കൂടിയുള്ള ആശുപത്രി കിടക്കകൾ സാധാരണക്കാർക്കു മാത്രമല്ല വിവിഐപികൾക്കും അപ്രാപ്യമാണെന്നാണു പുതിയ റിപ്പോർട്ടുകൾ സൂചിക്കുന്നു. മൾട്ടി സെപ്ഷ്യാലിറ്റി ആശുപത്രികളിലും ഓക്സിജൻ ഇല്ലെന്ന ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഓക്സിജൻ സിലിണ്ടറുകളും ആശുപത്രി കിടക്കകളും ലഭ്യമാക്കാൻ കഷ്ടപ്പെടുന്നവരിൽ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും വരെ ഉണ്ടെന്നാണ് വിവരം.ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ആശുപത്രിയിൽ കിടക്ക ലഭിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചതിനു പിന്നാലെയാണ് ബെംഗളൂരുവിലെ ചികിത്സാ സൗകര്യങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്തു വരുന്നത്.
ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് കർണാടക കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദിനംപ്രതി 1,500 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് ആവശ്യം.