തൃശൂർ : നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ആവശ്യത്തിനായി ഒരു ദേശീയ പാർട്ടി കൊണ്ടുവന്ന കോടിക്കണക്കിന് രൂപ കൊടകരയിൽ വച്ച് ഗുണ്ടാസംഘങ്ങൾ കവർന്ന സംഭവം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചയായിരുന്നു. ദേശീയപാർട്ടി എന്ന വിശേഷണത്തിനപ്പുറം പാർട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലും പ്രതികളുടെ വിവരങ്ങളുണ്ടെങ്കിലും പാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. അതേസമയം ബി ജെ പി സ്ഥാനാർത്ഥികൾക്കുവേണ്ടി കൊണ്ടുവന്ന പണമാണ് കവർച്ചയ്ക്ക് ഇരയായതെന്ന് സി പി എം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പരസ്യമായി നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തൃശൂർ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ.കൊടകര സംഭവത്തിൽ ബി ജെ പിയെ വലിച്ചിഴയ്ക്കാൻ സി പി എം ഗൂഢാലോചന നടത്തുന്നുവെന്ന് ബി ജെ പി ആരോപിക്കുന്നു. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കും. അക്കൗണ്ട് വഴിമാത്രമാണ് ബി ജെ പി തിരഞ്ഞെടുപ്പ് ഫണ്ട് കൈമാറിയിട്ടുള്ളത്. ഈ ഫണ്ട് കൂടാതെ പ്രചരണത്തിനാവശ്യമുള്ള തുക ജനങ്ങളിൽ നിന്നും പിരിവിലൂടെയാണ് കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച് കൃത്യമായ കണക്കും തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാറുണ്ടെന്നും അനീഷ്‌കുമാർ അറിയിച്ചു.അറസ്റ്റിലായവർ സ്ഥിരം കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ രാഷ്ട്രീയബന്ധം ഇവരെ ചോദ്യം ചെയ്യുന്നതിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ തിങ്കളാഴ്ച പുലർച്ചെ എറണാകുളം കാക്കനാട് നിന്നാണ് പിടികൂടിയത്. അഞ്ച് പേർ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഏഴു പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടു പേർ സഹായികളുമാണ്. പിടികൂടാനുള്ള മൂന്ന് പേരാണ് അപകടവും കവർച്ചയും ആസൂത്രണം ചെയ്തത്. രണ്ട് പേർ തലശേരി, കണ്ണൂർ സ്വദേശികളാണ്. തലശേരി സ്വദേശി ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ്. തൃശൂർ കോടാലി സ്വദേശിയെ സംഘം കൂടെക്കൂട്ടിയതാണ്. പദ്ധതി വിജയിച്ചതോടെ ഇയാൾക്ക് 10 ലക്ഷം നൽകിയെന്ന് പൊലീസ് പറഞ്ഞു.ബാക്കി തുക കോഴിക്കോട്ട് വച്ച് വീതംവച്ചു. രാഷ്ട്രീയപാർട്ടി ഏതാണെന്ന് പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. തൃശൂർ എറണാകുളം ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ പണവുമായി പോയ കാർ നിറുത്തിയെങ്കിലും തൊട്ടു പിന്നിലുണ്ടായിരുന്ന ഗുണ്ടകൾ സഞ്ചരിച്ചിരുന്ന കാർ, ടോൾപ്ലാസയിലെ ബാരിയറിൽ തട്ടി പാഞ്ഞുപോയി. ഈ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഗുണ്ടാസംഘം വാഹനത്തെ പിന്തുടർന്നുവെന്ന് പൊലീസ് ഉറപ്പാക്കിയത്. തട്ടിക്കൊണ്ടുപോയ കാറും ഗുണ്ടകൾ വന്ന മൂന്നു കാറുകളിൽ ഒരു കാറും കണ്ടെത്തി.കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. മൂന്നരക്കോടി രൂപ കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് വിവരം. പക്ഷേ, ഭൂമി ഇടപാടിനായി കൊണ്ടുവന്ന 25 ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. വിശദമായ അന്വേഷണത്തിലാണ് ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് എത്തിച്ച കണക്കിൽപ്പെടാത്ത പണമാണെന്നും മൂന്നരക്കോടിയുണ്ടെന്നും വ്യക്തമായത്,
ബിജെപി യുടെ തെരഞ്ഞെടുപ്പു ചെലവിനായി മംഗലാപുരത്ത് നിന്ന് കൊണ്ട് വന്ന പണമാണ് തട്ടിയത് എന്നാണ് ആരോപണം.