രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം; ലോക് ഡൗണ്‍ ഇല്ലെന്ന് പ്രധാന മന്ത്രി

 ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുമ്പോഴും രാജ്യവ്യാപക ലോക് ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൂചന നല്‍കി.


ജാഗ്രത വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാള്‍ വ്യാപന തോത് ഇപ്പോള്‍ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാള്‍ വേഗതയില്‍ രോഗം പടരുകയാണ്. ചില സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ കുറവ് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താന്‍ ലോക് ഡൗണ്‍ വേണ്ടിവന്നു. ഇപ്പോള്‍ വിഭവങ്ങളും വാക്‌സീനും നമുക്കുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചും രാത്രി കര്‍ഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് വേണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ് അദ്ദേഹം പറഞ്ഞു.


കോവിഡ് ബാധിതരുടെ സമ്ബര്‍ക്കം പുലര്‍ത്തിയ 30 പേരെ എങ്കിലും ട്രാക് ചെയ്യണം. ചില സംസ്ഥാനങ്ങളില്‍ കോണ്‍ടാക്ട് ട്രേസിംഗ് സംഘങ്ങള്‍ നിലവിലുണ്ട്. മരണ നിരക്ക് താഴ്ന്ന് തന്നെ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തണം എന്ന് മോദി അറിയിച്ചു.


വാക്‌സിനേഷനില്‍ രാജ്യം പിന്നോട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. വാക്‌സിന്‍ പാഴാവുന്നത് തടയണം. 45 വയസിന് മുകളിലുള്ളവര്‍ക്ക് 100% വാക്‌സിനേഷന്‍ ആണ് ലക്ഷ്യം. സാമൂഹിക പരിഷ്‌കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്‌സീന്‍ ഉത്സവം ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു.


പ്രതിരോധ പദ്ധതിക്കു രൂപം നല്‍കാന്‍ സംസ്ഥാന സര്‍കാരുകള്‍ ഗവര്‍ണറുമായി ചേര്‍ന്നു സര്‍വകക്ഷി യോഗം വിളിക്കണം. പരിശോധന വര്‍ധിപ്പിക്കാന്‍ പ്രചാരണം നടത്തണം. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിനിധീകരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു.


അഞ്ചു ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുള്ള മഹാരാഷ്ട്രയില്‍ ശനി ഞായര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഭാഗിക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കര്‍ഫ്യു ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today