ലഖ്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. ഓഫിസ് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്. 'പ്രാരംഭ ലക്ഷണങ്ങൾ കണ്ടപ്പോൾ കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയിരുന്നു. ഞാൻ സ്വയം നിരീക്ഷണത്തിലാണ്. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട്. ജോലികളെല്ലാം ഓൺലൈനായി ചെയ്യുന്നുണ്ട്' -യോഗി ട്വീറ്റ് ചെയ്തു.
സമാജ്വാദി പാർട്ടി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും ബുധനാഴ്ച കോവിഡ് ബാധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നത്.
കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ചിലർ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. വീട്ടിലിരുന്ന് ജോലികൾ നിർവഹിക്കുന്നതായും യോഗി അറിയിച്ചു.
യു.പിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 18,021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിക്കുകയും ചെയ്തു.