കാസർകോട്
വടക്ക് ഭാഗത്തെ പുലിമുട്ടിന്റെ നീളം കൂട്ടാൻ സംസ്ഥാന സർക്കാർ 17.20 കോടി രൂപ കൂടി അനുവദിച്ചതോടെ കാസർകോട് മീൻപിടിത്ത തുറമുഖം യാഥാർഥ്യമാകുന്നു. 190 മീറ്റർ നീളത്തിലാണ് പുലിമുട്ട് നീട്ടുക. പുതിയ അലൈൻമെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് ഹാർബർ എൻജിനിയറിങ് കാസർകോട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് അഷറഫ് പറഞ്ഞു. അനുബന്ധമായി കൂടുതൽ പ്രവൃത്തി വേണ്ടിവരും.ഇതിനായി കാസർകോട് വികസന പാക്കേിൽ നിന്ന് ഫണ്ട് ലഭ്യമാക്കും.
ആയിരങ്ങൾക്ക് ആശ്രയം; ദീർഘകാലത്തെ സ്വപ്‌നം
കാസർകോട് കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കാൻ പോകുന്ന ആയിരത്തിലധികം മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദീർഘനാളത്തെ സ്വപ്‌നമാണ് തുറമുഖം. ചെറുവത്തൂർ, മഞ്ചേശ്വരം തുറമുഖത്തിന് മുമ്പ് നിർമാണം തുടങ്ങിയതാണ് കാസർകോട്ടെത്. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ കൃഷി വികാസ് യോജന മുഖേനയാണ് 29.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നത്. തെക്കും വടക്കും ഭാഗത്ത് രണ്ട് പുലിമുട്ട്, സംരക്ഷണ ഭിത്തി, അനുബന്ധന റോഡ്, പാർക്ക്, ലേല ഹാൾ, മണലെടുത്ത് നിരപ്പാക്കൽ, ജലവിതരണം, പ്രഥമിക കാര്യങ്ങൾക്കുള്ള സമുച്ഛയം, പ്രവേശന കവാടം, വല നെയ്യൽ ഷെഡ്, കാന്റീൻ എന്നിവയാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതിൽ മിക്കവാറും പ്രവൃത്തി പൂർത്തിയായി. മീൻപിടിത്ത ബോട്ടുകൾ വരാൻ തുടങ്ങിയപ്പോൾ വടക്കേ പുലിമുട്ടിന്റെ അശാസ്‌ത്രീയമായ നിർമാണം കാരണം തുറമുഖത്തേക്ക് അടുക്കാൻ പ്രയാസമായി. ചിലതിന് കേടുപാടുമുണ്ടായി.
തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ സംസ്ഥാന സർക്കാർ, കേന്ദ്ര അംഗീകാരമുള്ള വിദഗ്‌ധ ഏജൻസിയെ പഠനത്തിനായി നിശ്ചയിച്ചു. ഇവർ പഠനം നടത്തിയാണ് പുതിയ അലൈൻമെന്റ് ഉണ്ടാക്കിയത്. കേന്ദ്ര സർക്കാർ അനുവദിച്ച തുക തീർന്നതിനാൽ അധിക പ്രവൃത്തിക്കുള്ള 17.20 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കാസർകോട് കടപ്പുറത്ത് നിന്നുള്ള സിപിഐ എം പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയേയും കണ്ട് സഹായം അഭ്യർഥിച്ചിരുന്നു. മഞ്ചേശ്വരം തുറമുഖം ഏറ്റെടുത്ത പികെഎം കൺസ്‌ട്രക്ഷൻ കമ്പനിയാണ് കാസർകോട്ടെ പ്രവൃത്തിയും നടത്തുന്നത്. അലൈമെന്റ് അംഗീകരിച്ചാൽ മൂന്ന് മാസത്തിനകം പുലിമുട്ട് നീളം കൂട്ടുന്നതും റോഡിന്റെ പ്രവൃത്തിയും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.