കാസർകോട്: കോവിഡ് രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് പരാതി. ഉക്കിനടുക്ക മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കഴിയുന്ന കാര്യമായ രോഗലക്ഷണമില്ലാത്ത ഏതാനും രോഗികളാണ് പുറംലോകത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പരാതി അറിയിച്ചത്. ചിലർ വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കും ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചു.ചില നേരങ്ങളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അത് കരാറുകാരന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നു. മൂന്നുനേരത്തെ ഭക്ഷണത്തിനും ഒരുനേരത്തെ ചായയ്ക്കുമായി 140 രൂപയാണ് നൽകുന്നത്. ഈ തുകയ്ക്ക് ഉക്കിനടുക്കയിൽ ഭക്ഷണമെത്തിക്കുന്നതിന് കരാറുകാരെ ലഭിക്കാത്ത ബുദ്ധിമുട്ടുമുണ്ട്. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആസ്പത്രികളിലും പ്രാഥമികതല കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും കഴിയുന്നവർക്ക് ആവശ്യമെങ്കിൽ സ്വന്തം വീടുകളിൽ നിന്ന് മികച്ച ഭക്ഷണം എത്തിക്കാവുന്നതാണ്. പൊതുജനങ്ങൾക്കും സംഘടനകൾക്കും ഭക്ഷണവും ഭക്ഷ്യവസ്തുക്കളും സംഭാവന ചെയ്യാമെന്നും അധികൃതർ പറയുന്നു.
കോവിഡ് രോഗികളിൽ ചിലർക്ക് മണവും രുചിയും കുറയുന്നതായും കാണാറുണ്ട്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം നൽകാൻ സർക്കാർ സംവിധാനത്തിൽ ബുദ്ധിമുട്ടുണ്ടെന്ന കാര്യം മനസ്സിലാക്കി ആസ്പത്രി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ രോഗികൾ തയ്യാറാകണമെന്നും അധികൃതർ അഭിപ്രായപ്പെടുന്നു.
രോഗികളെ മരണത്തിൽനിന്ന് രക്ഷിക്കുന്നതിന് മുൻഗണന
: ആസ്പത്രിയിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് പ്രാണവായുവും മരുന്നും മികച്ച ചികിത്സയും ഉറപ്പാക്കി മരണത്തിൽനിന്ന് രക്ഷിച്ചെടുക്കുകയെന്നതിനാണ് ഈ മഹാമാരിക്കാലത്ത് മുൻഗണന നൽകേണ്ടതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.രാമൻ സ്വാതിവാമൻ പറഞ്ഞു. ഭക്ഷണവിതരണത്തിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
രോഗികൾക്കായി കൊണ്ടുവരുന്ന അതേ ഭക്ഷണമാണ് ആസ്പത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കഴിക്കുന്നത്. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യും കളക്ടറും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടി തുടരും. സർക്കാർ ആസ്പത്രികളിൽ ഇന്നും കഞ്ഞിയും പയറുമാണ് നൽകുന്നത്. ഓരോ ആൾക്കാർക്കും ഇഷ്ടമുള്ള ഭക്ഷണം ഒരുക്കിക്കൊടുക്കാനാകില്ല- അദ്ദേഹം പറഞ്ഞു.