തെല്‍ അവീവ്: ഇസ്‌റാഈല്‍- സിറിയ തമ്മില്‍ പരസ്പരമുള്ള മിസൈലാക്രമണത്തില്‍ മധ്യപൂര്‍വേഷ്യയില്‍ അനിശ്ചിതത്വം. വ്യാഴാഴ്ച പുലര്‍ച്ചെ സിറിയയില്‍ നിന്നുള്ള മിസൈല്‍ ഇസ്‌റാഈലി ആണവകേന്ദ്രത്തിനടുത്ത് പതിച്ചു. ഇതോടെ തിരിച്ച് സിറിയയില്‍ ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍.
ഇസ്‌റാഈലിലെ ഡിമോണ ആണവ റിയാക്ടറിനടുത്താണ് സിറിയന്‍ മിസൈല്‍ പതിച്ചത്. സമീപത്ത് വലിയ രീതിയിലുള്ള സ്‌ഫോടനമുണ്ടാകുന്നതിന്റെ ദൃശ്യം ഫോക്‌സ് ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ആളപായമോ മറ്റോ ഉണ്ടായതായി വിവരമില്ല. ഇതുസംബന്ധിച്ച് കൃത്യമായ വിവരം ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല.
ഇറാന്‍ സേന തമ്ബടിച്ചിരിക്കുന്ന ദമസ്‌കസിനടുത്തുള്ള ദുമൈറിലാണ് ഇസ്‌റാഈല്‍ തിരിച്ചടി ആക്രമണം നടത്തിയത്.
എന്നാല്‍ ഇസ്‌റാഈലി മിസൈലുകളെ വായുസേന പ്രതിരോധിച്ചുവെന്ന് സിറിയ അവകാശപ്പെട്ടു. നാലു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും സ്ഥലത്തെ ചില ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തുവെന്നും സിറിയ സമ്മതിച്ചു.
എസ്.എ-5 എന്ന സിറിയന്‍ മിസൈലാണ് ഇസ്‌റാഈലി വിമാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈലി വായുസേന വക്താവ് പറഞ്ഞു. എന്നാല്‍ റിയാക്ടറുകളില്‍ പതിച്ചിട്ടില്ല. ഇതിന് 30 കിലോമീറ്റര്‍ വിദൂരത്തായാണ് പതിച്ചത്.