ജില്ലയുടെ ആരോഗ്യ മേഖലക്ക് നേട്ടമായി, ആദ്യ ബൈപ്പാസ് സര്‍ജറി മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ വിജയകരമായി നടത്തി

 കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയുടെ കുതിപ്പിന്റെ അടയാളമായി ആദ്യ ബീറ്റിംഗ് ഹാര്‍ട്ട് കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി(സി.എ.ബി.ജി) മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 53ഉം 57ഉം വയസ്സുള്ള രണ്ട് പേരാണ് ജില്ലയിലെ ആദ്യ ബൈപ്പാസ് സര്‍ജറിയിലൂടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മേയ്ത്ര ആസ്പത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ. മുരളി പി. വെട്ടത്ത്, ഡോ. ബാബുരാജന്‍ എ.കെ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

കാസര്‍കോടിന്റെ ആരോഗ്യമേഖലയെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മേയ്ത്ര ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മേയ്ത്ര കെയര്‍നെറ്റ് വര്‍ക്കിന്റെ ഭാഗമായി യുണൈറ്റഡ് ഹോസ്പിറ്റലില്‍ സജ്ജീകരിച്ച മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററിലാണ് ജില്ലയുടെ ചരിത്രത്തിലെ ആദ്യ ബൈപ്പാസ് സര്‍ജറി പൂര്‍ത്തീകരിച്ചത്. ജില്ലയിലെ ജനങ്ങള്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ തേടി ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വരുന്നതും അടിയന്തിര ചികിത്സ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അത് ലഭിക്കാതെ പോകുന്നതും മനസ്സിലാക്കിയാണ് മേയ്ത്ര കെയര്‍നെറ്റ് വര്‍ക്ക് കാസര്‍കോട്ട് ആദ്യമായി നടപ്പിലാക്കിയതെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ.കൊട്ടിക്കോളന്‍ പറഞ്ഞു.

ജില്ലക്ക് പുറത്ത് പോകാതെ തന്നെ അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനാണ് മേയ്ത്ര കെയര്‍ നെറ്റ്‌വര്‍ക്കിലൂടെ തുടക്കം കുറിച്ചത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബൈപ്പാസ് പോലെയുള്ള സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ഇവിടെ നടത്താന്‍ സാധിച്ചത് നേട്ടമാണെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഡോ. മുരളി പി. വെട്ടത്ത്, ഡോ. ആശിഷ് കുമാര്‍, ഡോ. ബാബുരാജന്‍, ഡോ. ജയേഷ് ഭാസ്‌കരന്‍, ഡോ. വിവേക് പിള്ള, ഡോ. അലി സമീല്‍, ഡോ. മഞ്ജുനാഥ്‌ഷെട്ടി, ഡോ. വീണ മഞ്ജുനാഥ് എന്നിവര്‍ സന്നിഹിതരായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today