ബോവിക്കാനം: മുളിയാറിലെ കോവിഡ് രോഗികൾക്കായി ബോവിക്കാനം ബഡ്‌സ് സ്കൂളിൽ ഡോമിസിലറി കൊറോണ കേയർ സെന്റർ ഒരുക്കി. വീട്ടിൽ സൗകര്യമില്ലാത്തതും ഗൗരവകരമായ പ്രത്യേക രോഗലക്ഷണങ്ങളോ ഇല്ലാത്തവരെയാണ് കേന്ദ്രമൊരുക്കിയത്. പ്രത്യേക രോഗങ്ങളോ ഗുരുതര ജീവിതശൈലീരോഗങ്ങളോ ഇല്ലാത്തതും ഡോക്ടറുടെ നേരിട്ടുള്ള സേവനം ആവശ്യമില്ലാത്ത കോവിഡ് രോഗികൾക്കായാണ് ബഡ്‌സ് സ്കൂളിൽ സജ്ജീകരണം ഒരുക്കിയത്.
തുടക്കത്തിൽ 25 പേർക്കുള്ള സൗകര്യമാണ് ഒരുക്കിയത്. ഡി.വൈ.എഫ്.ഐ. മുളിയാർ മേഖല കമ്മിറ്റി പ്രസിഡന്റ് ശ്രീനേഷ് ബാവിക്കര, സെക്രട്ടറി ശ്രീജിത്ത് മഞ്ചക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കേന്ദ്രം ശുചീകരിക്കാനായി സക്രിയമായി രംഗത്തുണ്ടായിരുന്നു.മുളിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, വൈസ് പ്രസിഡൻറ് എ. ജനാർദനൻ, സ്ഥിരം സമിതി ചെയർമാൻ ഇ. മോഹനൻ, പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസ്, മുളിയാർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എ.ആർ. പ്രശാന്ത് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി പി. പീതാംബരൻ എന്നിവർ കേന്ദ്രത്തിന്റെ സജ്ജീകരണങ്ങൾ വിലയിരുത്താനെത്തി.
