പൊയിനാച്ചി: ജയസൂര്യ അഭിനയിച്ച നിരവധി സിനിമകളിലെ കഥാപാത്രങ്ങളെ അനുകരിച്ച് ശ്രദ്ധേയനായ പരവനടുക്കം കോട്ടരുവത്തെ മനോജിന് ഒടുവിൽ സാക്ഷാൽ ജയസൂര്യയുടെ ക്ഷണവും അഭിനന്ദനവും. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് വീട്ടിൽ വെറുതെയിരുന്ന് സമയം തള്ളിനീക്കുമ്പോഴാണ് സിനിമാനടൻമാരെയും മറ്റു പ്രമുഖ വ്യക്തികളെയും മനോജ് അനുകരിച്ചുതുടങ്ങിയത്.
അത് ടിക് ടോക്കിലും ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ടിക് ടോക് നിരോധിച്ചതോടെ മോജ് ലും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതൊക്കെ കണ്ട സുഹൃത്തുക്കൾ ജയസൂര്യയാണ് ഏറ്റവും നന്നാവുകയെന്ന് മനോജിനോട് പറഞ്ഞു. പിന്നീട് മറ്റുകഥാപാത്രങ്ങളെ ഒഴിവാക്കി ജയസൂര്യയിൽ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു.ആട് സിനിമയിലെ ഷാജിപപ്പൻ, ഞാൻ മേരിക്കുട്ടിയെന്ന സിനിമയിലെ മേരിക്കുട്ടി തുടങ്ങി നിരവധി കഥാപാത്രങ്ങളെ അനുകരിച്ചതോടെയാണ് വീഡിയോ വൈറലായത്.
ഇതുകണ്ട് വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ വിളിച്ച് നേരത്തെ അഭിനന്ദനമറിയിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ജയസൂര്യ മനോജിന്റെ അനുകരണ കാഥാപാത്രങ്ങളെ കണ്ട് ആസ്വദിച്ചത്. സുഹൃത്തിലൂടെ ജയസൂര്യയുടെ നമ്പർ കരസ്ഥമാക്കി സന്ദേശങ്ങൾ അയച്ചുതുടങ്ങിയെങ്കിലും ആദ്യമായി വിഷുവിനാണ് ആശംസകളറിയിച്ച് ജയസൂര്യ മറുപടി വന്നത്.കഴിഞ്ഞദിവസം ജയസൂര്യ ഫോണിലൂടെ മനോജിനെ വിളിച്ച് കൊച്ചിയിലേക്ക് കുടുംബസമേതം ക്ഷണിച്ചു. വീട്ടുകാരുടെയും ഭാര്യ സ്വാതിയുടെയും പൂർണ പിന്തുണയും മനോജിന് കിട്ടുന്നുണ്ട്. മാർക്കറ്റിങ് കമ്പനിയുടെ മനേജരായി ജോലി ചെയ്യുകയാണ് മനോജ്. കോട്ടരുവത്തെ കുമാരൻ നായരുടെയും മാധവിയുടെയും മകനാണ്. മകൾ: ശ്രീബാല.
