കാസര്‍ഗോഡ്: ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും വേണ്ട ഉപകരണങ്ങളെത്തിച്ചും തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റാന്‍ പരിശ്രമിക്കുമെന്ന് സി.എച്ച്. കുഞ്ഞന്പു. കാസര്‍ഗോഡ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്സിജന്‍ പ്ലാന്റ് അതിവേഗം പൂര്‍ത്തിയാക്കാന്‍ ഇടപെടും. ഉദുമയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വികസനം നടപ്പാക്കും.
മേല്‍പ്പറമ്ബ്, പാലക്കുന്ന്, ബോവിക്കാനം, ഉദുമ, കുറ്റിക്കോല്‍, ചട്ടഞ്ചാല്‍ തുടങ്ങിയ ടൗണുകള്‍ വികസിപ്പിക്കും. കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലെ സ്ഥലപരിമിതി നോക്കി വികസിപ്പിക്കും. തൊഴില്‍ സംരംഭങ്ങള്‍ കൊണ്ടുവരും. ഉദുമ ടെക്സ്റ്റെല്‍ മില്‍ വികസിപ്പിക്കും. പുതിയ വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരും. പെരിയ എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കുന്നത് ടൂറിസം വികസനത്തിന് ഗുണമാകും. ബേക്കല്‍ ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തും. ബാവിക്കര കുടിവെള്ളം തടയണ പ്രദേശത്തും വലിയ ടൂറിസം സാധ്യതയുണ്ട്.
ജില്ലയിലെ മറ്റ് ടൂറിസം പദ്ധതികളുമായി ബന്ധപ്പെടുത്തി ടൂറിസം ശൃംഖലയുണ്ടാക്കും. ഉദുമ ഗവ. കോളജ് ആധുനിക കോഴ്സുകള്‍ ആരംഭിച്ച് ശക്തിപ്പെടുത്തും. കാസര്‍ഗോട്ടെ ഉപ്പുവെള്ള പ്രശ്നം പരിഹരിച്ച ബാവിക്കര തടയണയില്‍ കൂടുതലുള്ള വെള്ളം മറ്റിടങ്ങളിലേക്ക് കുടിവെള്ളത്തിന് എത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം വേഗത്തില്‍ പൂര്‍ത്തിയാക്കും. ബജറ്റ്, കാസര്‍ഗോഡ് പാക്കേജ്, കിഫ്ബി, കേന്ദ്ര ഏജന്‍സികള്‍ എന്നിവ മുഖേനയുള്ള ഫണ്ടുകള്‍ സമാഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും.
അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ 13,322 വോട്ടാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം, കെ. കുഞ്ഞിരാമന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍, പൊതുസമൂഹത്തിന്റെ പിന്തുണയും എല്‍ഡിഎഫ് സംഘടനാ സംവിധാനത്തിന്റെ മികവുമാണ് ഇത്ര വലിയ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
