കാസർകോട്: കടപ്പുറം വാർഡ് ഒന്നിൽ ഉൾപ്പെടുന്ന ചേരങ്കൈ കടപ്പുറത്ത് കടലേറ്റം രൂക്ഷം. കടപ്പുറത്തെ ജനവാസമേഖലയിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഈ മേഖലയിലെ അഞ്ച് വീടുകൾ അപടകഭീഷണിയിലാണ്. ഒരാഴ്ച മുമ്പ് കടൽ കരയിലേക്ക് കയറിവരുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രൂക്ഷമായത്. ശക്തമായ കാറ്റിൽ വലിയ തിരകൾ കടൽഭിത്തികൾ മറികടന്ന് വരികയാണ്. കടലിനോട് ചേർന്നുള്ള വീടുകൾക്കുള്ളിലേക്കും വെള്ളം അടിച്ചു കയറുന്നുണ്ട്. വീടുകൾ അപകടത്തിലായതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി.
ശക്തമായ കാറ്റ് ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
