കാസർകോട് ജില്ലയിലെ ആദിവാസി കോളനികളിൽ കൊവിഡ് പ്രതിരോധം താളംതെറ്റുന്നു

 കാസര്‍കോട്: ജീവനക്കാരുടെ കുറവും ജനങ്ങളുടെ നിസ്സഹകരണവും മൂലം കാസര്‍കോട് ജില്ലയിലെ ആദിവാസി കോളനികളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം അടിതെറ്റുന്നു. ദേലമ്ബാടി പഞ്ചായത്തിലെ മൂന്ന് ട്രൈബല്‍ കോളനികളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 104 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ ദേവരടുക്ക, ബെന്നു, പയറടുക്ക എന്നീ മൂന്ന് ക്ലസ്റ്ററുകളാണ് ആരോഗ്യ വകുപ്പ് രൂപീകരിച്ചത്. 422 പേരുടെ കൊവിഡ് ടെസ്റ്റ്‌ ചെയ്തപ്പോള്‍ ആണ് 104 രോഗികള്‍ മൂന്ന് കോളനികളിലായുണ്ടായത്.


ദേവരടുക്ക കോളനിയില്‍ 38 കേസുകളും ബെന്നു കോളനിയില്‍ 20 കേസുകളും പയറടുക്കയില്‍ 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.



ഇവരില്‍ പലരും നെഗറ്റീവ് ആയെങ്കിലും കോളനികളിലെ കോവിഡ് വ്യാപന ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല. ജില്ലയിലെ ട്രൈബല്‍ കോളനികളില്‍ 60,000 ത്തോളം ജനസംഖ്യയുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും താമസിക്കുന്നത് കേരള-കര്‍ണ്ണാടക അതിര്‍ത്തികളിലെ പ്രദേശങ്ങളിലും വനമേഖലയിലുമാണ്.


ആരോഗ്യവകുപ്പും സര്‍ക്കാരും പുറപ്പെടുവിക്കുന്ന കൊവിഡ് മാനദണ്ഡങ്ങളോ ലോക്ക് ഡൗണ്‍ നിയമങ്ങളോ പാലിക്കാന്‍ ജീവിത സാഹചര്യം ദുരിതപൂര്‍ണ്ണമായതിനാല്‍ ഈ വിഭാഗത്തിന് പലപ്പോഴും സാധിക്കാറില്ല. അതുകൊണ്ട് തന്നെ കോളനികളില്‍ രോഗം പകരുമ്ബോള്‍ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ആരോഗ്യവകുപ്പ് അധികാരികള്‍ പറഞ്ഞാലും അത് അനുസരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. തങ്ങളുടെ കുടിലുകള്‍ വിട്ട് പോകാന്‍ മറ്റൊരു ഇടമില്ലാത്തത് കാരണം മാറി താമസിക്കുക സാദ്ധ്യമാകില്ല. കോളനികളിലെ പല കുടുംബങ്ങളും കൂട്ടമായാണ് താമസിക്കുന്നത്. അതിര്‍ത്തി കടന്നുപോയി കൂലിപണിയെടുത്തും സാധനങ്ങളും മറ്റും വാങ്ങിവന്നാലും മാത്രമേ കോളനിവാസികള്‍ക്ക് വയറുനിറയ്ക്കാന്‍ കഴിയൂ എന്ന സ്ഥിതിയുമുണ്ട്.


ക്വാറന്റൈനില്‍ പോകാന്‍ വിസമ്മതിക്കുന്നത് കൊണ്ടുതന്നെ ഈ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനം വിചാരിച്ചത് പോലെ നടക്കുന്നില്ല. പൊലീസും പഞ്ചായത്തും ജനപ്രതിനിധികളും ഇടപെട്ടാലും വലിയതോതില്‍ നടപ്പിലാകാത്ത സ്ഥിതിയാണുള്ളത്. കൊവിഡ് വാക്സിനേഷനും ഈ മേഖലയില്‍ മുടങ്ങുകയാണ്. പ്രത്യേക ക്യാമ്ബ് വച്ചാല്‍ പോലും ആരും പോകാനും വാക്സിന്‍ എടുക്കാനും തയ്യാറാകുന്നില്ല. കോളനികളില്‍ ക്യാമ്ബ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനം നടത്താനും വാക്സിന്‍ എടുപ്പിക്കാനും ജീവനക്കാരുടെ കുറവ് കാരണം ആരോഗ്യവകുപ്പിന് സാധിക്കുന്നില്ല. ജില്ലയില്‍ 27 ജെ.പി.എച്ച്‌ മാരുടെയും 22 ജെ.എച്ച്‌.ഐമാരുടെയും കുറവുണ്ട്. പി.എസ്.സി ലിസ്റ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ ഈ ഒഴിവുകള്‍ നികത്താനും സാധിക്കുന്നില്ലെന്ന് പറയുന്നു. താത്ക്കാലിക നിയമനം നടത്താന്‍ കേരള കോഴ്സ് കഴിഞ്ഞവര്‍ ആരും നിലവിലുമില്ല.


Previous Post Next Post
Kasaragod Today
Kasaragod Today