ദുബൈ: വ്യാജ എമിറേറ്റ്സ് ഐ.ഡി നിര്‍മിച്ച് ഉപയോഗിച്ച പ്രവാസി ദുബൈയില്‍ അറസ്റ്റിലായി. 31കാരനായ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കോടതിയില്‍ നിയമനടപടി പുരോഗമിക്കുകയാണ്. രണ്ടാഴ്‍ച മുമ്പാണ് യുവാവ് ഒരു ഓഫീസില്‍ പ്രവേശിക്കുന്നതിന് വ്യാജ ഐ. ഡി ഉപയോഗിച്ചത്.അല്‍ മന്‍ഖൂല്‍ ഏരിയയിലെ കണ്‍ട്രക്ഷന്‍ സൈറ്റിലുള്ള ഒരു ഓഫീസില്‍ പ്രവേശിക്കാനാണ് യുവാവ് സെക്യൂരിറ്റി ഗാര്‍ഡിനെ വ്യാജ എമിറേറ്റ്സ് ഐ.ഡി കാണിച്ചത്. ഓഫീസില്‍ പ്രവേശിക്കാനെത്തിയ സംഘത്തില്‍ ആറ് പേരുണ്ടായിരുന്നുവെന്നും അഞ്ച് പേരുടെയും ഐ.ഡികള്‍ പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറാമന്റെ എമിറേറ്റ്സ് ഐഡിയില്‍ സാധരണയില്‍ നിന്ന് വ്യത്യസ്ഥമായ കളറുകള്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ സാധുത പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു ഐ.ഡി ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്ത് താമസിക്കാനും ജോലി കണ്ടെത്താനും വേണ്ടി വ്യാജ ഐ.ഡി ഉപയോഗിച്ചുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയ പ്രതിയെ പിന്നീട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.