പള്ളഞ്ചിയില്‍ വീണ്ടും കാട്ടാന ഇറങ്ങി; വ്യാപക നാശം

 കാനത്തൂര്‍: പുലിപ്പറമ്പ്‌ വഴി കര്‍ണ്ണാടക വനത്തിലേക്ക്‌ കടത്തി വിട്ട ആനക്കൂട്ടം വീണ്ടുമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. ദേലമ്പാടി പഞ്ചായത്തിലെ പള്ളഞ്ചിയിലെ പ്രഭാകരന്‍ നായരുടെ തോട്ടത്തില്‍ ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരു മാസം മുമ്പ്‌ ആനക്കൂട്ടത്തെ രണ്ടുതവണ ഫോറസ്റ്റ്‌ അധികൃതരും നാട്ടുകാരും ചേര്‍ന്ന്‌ പുലിപ്പറമ്പ്‌ വഴി കര്‍ണ്ണാടക വനത്തിലേക്ക്‌ കടത്തി വിട്ടിരുന്നു. കര്‍ണ്ണാടക വനത്തിലേക്ക്‌ കടന്നതിന്‌ ശേഷം പുലിപ്പറമ്പില്‍ സോളാര്‍ വേലിയുടെ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഏഴ്‌ ആനകള്‍ സോളാര്‍ വേലി തകര്‍ത്ത്‌ പള്ളഞ്ചി, പരപ്പ, വെള്ളരിക്കയ ഭാഗങ്ങളില്‍ എത്തിയത്‌. അതിര്‍ത്തി കടത്തുന്നതിനിടയില്‍ കൂട്ടം തെറ്റിയ രണ്ട്‌ ആനകള്‍ മുളിയാര്‍ ഫോറസ്റ്റ്‌ വനത്തിലെത്തിയിരുന്നു. കുട്ട്യാനം, ബാവിക്കര, ചമ്പിലാംകൈ, മിന്നംകുളം, തീയ്യടുക്കം ഭാഗങ്ങളില്‍ ഇവ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഒരാഴ്‌ച്ച മുമ്പാണ്‌ ഇതില്‍ ഒരെണ്ണത്തെ അതിര്‍ത്തി കടത്തി വിട്ടത്‌.

ആനശല്യം വ്യാപകമായതിനെ തുടര്‍ന്ന്‌ കിഫയുടെ നേതൃത്വത്തില്‍ ഇന്നലെ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. കര്‍ഷകര്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം ലഭിക്കാനും ആനശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടത്തയില്‍ റിട്ട്‌ ഹര്‍ജി സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആവശ്യത്തിന്‌ ജീവനക്കാരെ നിയമക്കണമെന്നും ജില്ലയില്‍ ആന ശല്യം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഫോറസ്റ്റ്‌ വാച്ചര്‍മാരെ നിയമക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു


Previous Post Next Post
Kasaragod Today
Kasaragod Today