കെ. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി; ശോഭയുടെ ശബ്ദ സന്ദേശവും അന്വേഷിക്കണമെന്ന് ആവശ്യം

 പാലക്കാട്: കൊടകര കുഴപ്പണ കേസിലെ ആരോപണത്തിന് പിന്നാലെ ബി.െജ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സാമ്ബത്തിക ഇടപാട് നടത്തിയെന്ന പരാതിയും. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ഹെലികോപ്റ്റര്‍ യാത്രകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഒാള്‍ കേരളാ ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ ഐസക് വര്‍ഗീസ് ആണ് പരാതി നല്‍കിയത്.


റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍ വഴി പണം എത്തിയോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.





കര്‍ണാടകയില്‍ നിന്ന് പണം ചെക്ക്പോസ്റ്റ് വഴി കൊണ്ടുവന്നാല്‍ ഇടത് സര്‍ക്കാറിന്‍റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രതിപക്ഷ എം.എല്‍.എമാരെയും എം.പിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തില്‍ അത് ഒരിക്കലും സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടര്‍മാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബി.ജെ.പി പണം ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.


തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി പണമിടപാടിലൂടെ ഉദ്ദേശിച്ചത്. സര്‍ക്കാറിനെതിരായ ഗൂഢാലോചനയും സര്‍ക്കാറിനെ അട്ടിമറിച്ച്‌ ഭരണം പിടിക്കാനുള്ള നീക്കവുമാണ് ഈ പണമിടപാടിലൂടെ ബി.ജെ.പി നടത്തിയത്. അതിനാല്‍ സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനക്ക് കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.


കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ എത്തിയപ്പോള്‍ കോടികളുടെ ഹവാല പണമാണ് കൈമാറിയിട്ടുള്ളതെന്നും പാലക്കാടും കണ്ണൂരും തൃശൂരും പണമിടപാടിന്‍റെ ഹബ്ബായിരുന്നുവെന്നും ഐസക് വര്‍ഗീസ് മീഡിയവണിനോട് പറഞ്ഞു.


അനധികൃത സാമ്ബത്തിക ഇടപാടില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍റെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്ന് ഐസക് വര്‍ഗീസ് നേരത്തെ പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണ കേസിന് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷണിക്കണമെന്ന് പുതിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും ഐസക് വര്‍ഗീസ് വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today