കോളിയടുക്കം ∙ കണ്ണാ..കുക്കൂ...മുത്തേ...കോളിയടുക്കം വയലാംകുഴിയിലെ ഒൻപതാം ക്ലാസുകാരി വൃന്ദ ഒന്നു നീട്ടിവിളിച്ചാൽ 3 അരുമക്കുഞ്ഞുങ്ങൾ കൈകളിലേക്ക് പറന്നെത്തും. പിന്നെ കൈവെള്ളയിലൂടെ ചാടിക്കളിക്കുകയും കലപില ശബ്ദമുണ്ടാക്കുകയും ചെയ്യും. അവയ്ക്ക് പാല് കൊടുത്തും തലോടിയും വൃന്ദ കളിക്കൂട്ടുകാരിയായി മാറിയത് പെട്ടെന്നാണ്. വയലാംകുഴിയിലെ ഭരതന്റെയും രേഷ്മയുടെയും മകളാണ് വൃന്ദ. ഒരു മാസം മുൻപ് ഇവരുടെ വീട്ടിൽ നിന്നു കിട്ടിയ അണ്ണാൻ കുഞ്ഞുങ്ങളാണ് മൂന്നും.
വീടിന്റെ കുളിമുറിയുടെ ചുമരിലാണ് അണ്ണാൻ പ്രസവിച്ചത്. കൂട് കെട്ടുമ്പോൾ തന്നെ കണ്ടിരുന്നെങ്കിലും വീട്ടുകാർ അതിനെ ശല്യപ്പെടുത്താൻ പോയില്ല. ഒരു ദിവസം അണ്ണാൻ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ അവയുടെ അമ്മ അവിടെ ചത്തുകിടക്കുന്നു. കുഞ്ഞുങ്ങളുടെ കണ്ണ് കീറിയിരുന്നില്ല. ഇതു കണ്ട വൃന്ദയും സഹോദരൻ വിശ്വജിത്തും ചേർന്ന് അവയെ എടുത്ത് കാർഡ് ബോർഡ് പെട്ടിയിലേക്ക് മാറ്റി. സിറിഞ്ചിലൂടെ പശുവിൻ പാൽ നൽകി പരിചരിക്കാനും തുടങ്ങി.മക്കൾക്ക് അണ്ണാൻ കുഞ്ഞുങ്ങളോടുള്ള സ്നേഹം കണ്ട ഭരതൻ അവയ്ക്ക് നല്ലൊരു കൂട് ഒരുക്കി കൊടുത്തു. ഒരു മാസത്തിനു ശേഷം അവ ഇപ്പോൾ ചാടിക്കളിക്കാൻ തുടങ്ങി. കണ്ണൻ, കുക്കു, മുത്ത് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. പേര് വിളിക്കുമ്പോൾ തന്നെ അവ പാൽ കുടിക്കാൻ തയാറായി എത്തും. പാലിനൊപ്പം പഴങ്ങളും ഇപ്പോൾ കഴിക്കുന്നുണ്ട്. വീട്ടുകാരുമായി നല്ലരീതിയിൽ അടുക്കുകയും ചെയ്തു. പോകാൻ കൂട്ടാക്കുമോ എന്നറിയില്ലെങ്കിലും പൂർണമായും തീറ്റയെടുത്ത് തുടങ്ങുമ്പോൾ കൂട് തുറന്നു വിടാനാണ് വൃന്ദയുടെയും സഹോദരന്റെയും തീരുമാനം. അണ്ണാൻ കുഞ്ഞുങ്ങൾ ഇപ്പോൾ നാട്ടുകാർക്കും കൗതുകമാണ്.
