ബോവിക്കാനം: മുളിയാർ കെട്ടുംകല്ല് കോലാച്ചിയടുക്കത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു.
കോലാച്ചിയടുക്കത്തെ പരേതനായ പ്രശാന്തിന്റെ ഭാര്യ നിർമലയുടെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു ഉപയോഗിക്കാതെയിരുന്ന ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിച്ചത്.വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിലാണ് സിലിൻഡർ സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിക്കാനിടയായ കാരണം വ്യക്തമല്ല. ഷെഡും ഇതിലുണ്ടായിരുന്ന വാഷിങ് മെഷിനും തയ്യൽ മെഷിനും മറ്റ് വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. സമീപത്തെ തെങ്ങിനും തീപ്പിടിച്ചു.
നിർമലയും 15 വയസ്സിന് താഴെ പ്രായമുള്ള മക്കളായ ആദിഥ്യനും അഭിജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം കേട്ടും തീ കണ്ടും പരിസരവാസികൾ ഓടിയെത്തി. കാസർകോട്ടുനിന്ന് അഗ്നിശമനസേനയെത്തിയാണ് തീ പൂർണമായും അണച്ചത്.
നിയുക്ത ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു, മുളിയാർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. മിനി എന്നിവർ സ്ഥലം സന്ദർശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നിർമലയുടെ ഭർത്താവ് പ്രശാന്ത് അഞ്ചുമാസം മുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.
